ജില്ലയിലെ റേഷന്‍ വിതരണം സുതാര്യമാക്കാന്‍ വിതരണ വാഹനങ്ങളില്‍ നിരീക്ഷണ സംവിധാനം ഒരുങ്ങുന്നു. ജൂലൈ രണ്ടാം പകുതിയോടെ റേഷന്‍ വിതരണത്തിനായി ഉപയോഗിക്കുന്ന മുഴുവന്‍ വാഹനങ്ങളും ജി.പി.എസ് നിരീക്ഷണത്തിലാകുന്നതിനുളള നടപടികള്‍ സപ്ലൈകോയും പൊതു വിതരണ ഉപഭോക്തൃ കാര്യ വകുപ്പും പൂര്‍ത്തിയാക്കും.പദ്ധതി തുടങ്ങുന്നതിന് മുന്നോടിയായുള്ള ടെണ്ടര്‍ നടപടികള്‍ ജില്ലയില്‍ അവസാന ഘട്ടത്തിലാണ്. കല്‍പ്പറ്റ ഡിപ്പോയിലെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.മാനന്തവാടി, ബത്തേരി ഡിപ്പോകളിലെ ടെണ്ടര്‍ നടപടികള്‍ വരുന്ന ദിവസങ്ങളില്‍ പൂര്‍ത്തിയാകും.അമ്പതോളം വാഹനങ്ങളാണ് റേഷന്‍ വിതരണത്തിനായി ജില്ലയില്‍ ആവശ്യമുള്ളത്.
ഡിപ്പോകളില്‍ നിന്നും റേഷന്‍ സാധനങ്ങളുമായി പുറപ്പെടുന്ന വാഹനങ്ങളെല്ലാം ജി.പി.എസ് നിരീക്ഷണത്തിലാവുന്നതിലൂടെ സുതാര്യവും സുശക്തവുമായ റേഷന്‍ വിതരണമാണ് ലക്ഷ്യമിടുന്നത്. മുഴുവന്‍ വാഹനങ്ങളിലും ജി.പി.എസ് ട്രാക്കിങ് സംവിധാനം ഏര്‍പ്പെടുത്തി വാഹനങ്ങളെല്ലാം കേന്ദ്രീകൃത രീതിയില്‍ ഒന്നിപ്പിക്കുകയും നിരീക്ഷിക്കുകയും ചെയ്യും. വെഹിക്കിള്‍ ട്രാവലിങ്ങ് ഫ്ളീറ്റ് മാനേജ്മെന്റ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. വാഹനങ്ങളില്‍ ഘടിപ്പിച്ച ജി.പി.എസ് സംവിധാനം വെഹിക്കിള്‍ ട്രാവലിങ്ങ് ഫ്ളീറ്റ് മാനേജ്മെന്റ് സോഫ്റ്റ് വെയറുമായി ബന്ധിപ്പിക്കും. ഇതുവഴി വാഹനങ്ങളുടെ സഞ്ചാരവഴി ഓഫീസില്‍ അധികൃതര്‍ക്ക് തത്സമയം നിരീക്ഷിക്കാന്‍ കഴിയും.
ജില്ലയില്‍ മാനന്തവാടി അഞ്ചാംമൈലിനടുത്ത മാനാഞ്ചിറ, ബത്തേരിയിലെ കൊളഗപ്പാറ, കല്‍പ്പറ്റ എമിലിയിലുള്ള ടി.പി ഗോഡൗണ്‍ എന്നീ ഗോഡൗണുകളിലേക്കാണ് മീനങ്ങാടി എഫ്.സി.ഐ ഗോഡൗണില്‍ നിന്നും റേഷന്‍ സാധനങ്ങള്‍ വിതരണത്തിനായി എത്തിക്കുന്നത്. മീനങ്ങാടി എഫ്.സി.ഐ ഗോഡൗണില്‍ നിന്നും ജില്ലയിലെ എന്‍.എഫ്.എസ്.എ ഗോഡൗണുകളിലേക്കും തുടര്‍ന്ന് എഫ്.പി.എസ് ഷോപ്പുകളിലേക്കും റേഷന്‍ സാധനങ്ങളുമായി പോകുന്ന വാഹനങ്ങളിലും ജി.പി.എസ് സംവിധാനം ഘടിപ്പിക്കും. ഇതോടെ റേഷന്‍ കടകളില്‍ റേഷന്‍സാധങ്ങള്‍ എത്തുന്നതുവരെയുള്ള റൂട്ടുകളെല്ലാം നിരീക്ഷണത്തിലാവും. സി.എം.ആര്‍ മില്ലുകളില്‍ നിന്നും എന്‍.എഫ്.എസ്.എ ഗോഡൗണുകളിലേക്ക് വരുന്ന വാഹനങ്ങളിലെ ജി.പി.എസ് സംവിധാനവും സോഫ്റ്റ്വെയറുമായി ബന്ധിക്കും.