ഋത്വിക്-ഐശ്വര്യ റായ് ചിത്രത്തിനായി ഓഡിഷന് നടത്തിയ 100 പിടിയാനകളെ

0

ബോളിവുഡിലെ ഏറ്റവും മികച്ച പീരീഡ് ഡ്രാമ ചിത്രങ്ങളിൽ ഒന്നായി വിശേഷിപ്പിക്കപ്പെടുന്ന സിനിമയാണ് അഷുതോഷ് ഗൊവാരിക്കർ സംവിധാനം ചെയ്ത ജോധാ അക്ബർ. ഋത്വിക് റോഷനും ഐശ്വര്യ റായിയും പ്രധാന വേഷത്തിൽ എത്തിയ ചിത്രം പുറത്തിറങ്ങിയിട്ട് ഇന്നലെ 13 വർഷം പൂർത്തിയായി.

2008 ഫെബ്രുവരി 15 നാണ് ചിത്രം പുറത്തിറങ്ങിയത്. മുഗൾ ചക്രവർത്തിയായ ജലാൽ-ഉദ്-ദിൻ മുഹമ്മദ് അക്ബറിന്റേയും അദ്ദേഹത്തിൻറെ പത്നി രാജ്പുത് രാജകുമാരി ജോധാ ബായിയും തമ്മിലുള്ള പ്രണയകഥയാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിലെ ഗാനങ്ങൾ ഇന്നും ഏറെ പ്രിയങ്കരമാണ്.

പുറത്തിറങ്ങി പതിമൂന്ന് വർഷങ്ങൾക്ക് ശേഷം ചിത്രത്തിന്റെ രസകരമായ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സഹ നിർമാതാവും അഷുതോഷ് ഗൊവാരിക്കറിന്റെ ഭാര്യയുമായ സുനിത ഗൊവാരിക്കർ. ഇൻസ്റ്റഗ്രാമിലൂടെ പഴയൊരു വീഡിയോ പങ്കുവെച്ചാണ് സുനിത ചിത്രീകര വേളയിലെ കാര്യങ്ങൾ പറഞ്ഞത്.

ചിത്രത്തിലെ ഒരു സീനിന് വേണ്ടി സംവിധായകൻ നൂറ് പിടിയാനകളെയാണത്രേ ഓഡിഷൻ ചെയ്തത്. ഭർത്താവിന്റെ ആവശ്യം കേട്ട് ആദ്യം അമ്പരന്ന് പോയതായി സുനിത പറയുന്നു. ചിത്രത്തിനായി ഉപയോഗിച്ച ആൺ ആനകൾ ആക്രമണാത്മക പ്രവണത കാണിക്കുന്നുണ്ടെന്നും അണിയറ പ്രവർത്തകരുടെയും അഭിനേതാക്കളുടേയും സുരക്ഷയ്ക്കായി പിടിയാനകളെ അത്യാവശ്യമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

എങ്കിലും നൂറ് പിടിയാനകൾ എന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്ന് സുനിത പറയുന്നു. സിനിമയ്ക്ക് വേണ്ടി അഷുതോഷിന്റെ ആവശ്യങ്ങൾ അവിടം കൊണ്ടും തീർന്നിരുന്നില്ലെന്ന് സുനിത. ചിത്രത്തിനായി ഉപയോഗിക്കുന്ന ആനകൾക്കെല്ലാം ഒരേ വലുപ്പം വേണമെന്നായിരുന്നു സംവിധായകന്റെ അടുത്ത ആവശ്യം. സംവിധാനത്തിൽ വിട്ടു വീഴ്ച്ച ചെയ്യാത്ത പെർഫെക്ഷനിസ്റ്റാണ് തന്റെ ഭർത്താവെന്നും സുനിത.

ജോധാ അക്ബറിന്റെ പതിമൂന്നാം വാർഷികത്തിൽ ഋത്വിക് റോഷനും ഇൻസ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഏറെ വെല്ലുവിളികൾ നേരിട്ട ചിത്രമായിരുന്നു ഇതെന്നാണ് ഋത്വിക് പറയുന്നത്. അഷുതോഷ് ചിത്രത്തിനായി തന്നെ സമീപിപ്പിച്ചപ്പോൾ അൽപം പേടിയുണ്ടായിരുന്നുവെന്നും താരം പറയുന്നു. തന്നെ പോലൊരാളെ പതിനായിരക്കണക്കിന് വരുന്ന സൈനികരെ നിയന്ത്രിക്കുന്ന ഒരു ചക്രവർത്തിയായി അദ്ദേഹത്തിന് എങ്ങനെ തോന്നിയെന്നാണ് ഋത്വിക് ചോദിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!