സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാടിന് കരുത്താകും മുഖ്യമന്ത്രി
സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളര്‍ച്ച നാടിന് കരുത്താകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.മാനന്തവാടി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ പുതിയ കെട്ടിടം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രാദേശിക ഗവേഷണ കേന്ദ്രങ്ങളായി മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പന്ത്രണ്ട് ഐ.ടി.ഐ കളാണ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ന്നത്. ഇതെല്ലാം രാജ്യത്തെ മുന്‍നിര സാങ്കേതിക സ്ഥാപനങ്ങളായി വളരും. അക്കാദമിക നിലവാരം ഭൗതിക സാഹചര്യം എന്നിവയെല്ലാം മെച്ചപ്പെടുത്തി. പ്രതിവര്‍ഷം 37000 വിദ്യാര്‍ത്ഥികളാണ് സര്‍ക്കാരിന്റെ സാങ്കേതിക സ്ഥാപനങ്ങളില്‍ നിന്നും കോഴ്‌സുകള്‍ പൂര്‍ത്തിയാക്കി ജോലി നേടുന്നത്. വിവിധ നൈപുണ്യ വികസന മിഷന്‍ കേന്ദ്രങ്ങളെ വികസിപ്പിച്ച് സംസ്ഥാന നൈപുണ്യ വികസന മിഷനായി കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സ് രൂപീകരിച്ചു. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒരു പ്രാദേശിക ഗവേഷണ കേന്ദ്രങ്ങളായി മാറുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ഒ.ആര്‍.കേളു എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ബേബി, എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി.പ്രദീപ്, ബ്ലോക്ക് പഞ്ചായത്തഗം ഇന്ദിര പ്രേമചന്ദ്രന്‍, പി.ടി.എ വൈസ് പ്രസിഡന്റ് കെ.വി.സിജിന്‍, പ്രിന്‍സിപ്പാള്‍ സി.പി.സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 3.04 കോടി രൂപ ചെലവിലാണ് മാനന്തവാടി ഐ.ടി.ഐ യില്‍ അക്കാദമിക് ബ്ലോക്ക്, കിച്ചണ്‍ ബ്ലോക്ക് ചുറ്റുമതില്‍ എന്നിവപൂര്‍ത്തിയായത്.