ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടാകാത്ത കാര്യമാണ് ഇന്ന് നിയമസഭയിലുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയവര്‍ തന്നെ അത് തടസപ്പെടുത്തിയെന്നും മുഖ്യമന്ത്രി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം പ്രതിപക്ഷത്തിനെതിരെ രംഗത്ത് വന്നത്.
അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടും അത് ഒരു കാരണവശാലും സഭയില്‍ വരാന്‍ പാടില്ലെന്ന രീതിയില്‍ തടസപ്പെടുത്തുന്ന നില യുഡിഎഫിന്റെ ഭാഗത്ത് നിന്നുണ്ടായി. പ്രമേയം അവതരിപ്പിക്കാതെ അവര്‍ ഒളിച്ചോടി. റൂള്‍ 15 അനുസരിച്ചുള്ള നോട്ടീസാണ് നിങ്ങള്‍ തന്നത് അത് അനുവദിക്കാന്‍ നിങ്ങള്‍ സഹകരിക്കുകയല്ലേ വേണ്ടതെന്ന് സ്പീക്കര്‍ പലയാവര്‍ത്തി പറഞ്ഞെങ്കിലും ഒരു യുഡിഎഫ് അംഗം പോലും പ്രതികരിക്കാന്‍ തയ്യാറായില്ല. പകരം സഭാ നടപടികള്‍ തടസപ്പെടുത്തുമാറുള്ള ബഹളവും കോലാഹലവും മുദ്രാവാക്യം വിളിയും മാത്രമാണ് ഉണ്ടായത്. അടിയന്തര പ്രമേയം ആരംഭിക്കുമ്പോഴുണ്ടായ കാര്യമാണിത്.
ചോദ്യോത്തരവേള പൂര്‍ണമായി തടസപ്പെടുത്തുന്ന നിലയാണുണ്ടായത്. ഇന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിലപാടെടുക്കുന്നത് എന്ന് സാധരണ ഇത്തരം ഘട്ടങ്ങളില്‍ പറയാറുണ്ട്. എന്നാല്‍ പ്രതിപക്ഷ നേതാവ് ഒരക്ഷരം സംസാരിച്ചില്ല. ആരും സംസാരിച്ചില്ല. പകരം നടത്തുളത്തിലിറങ്ങലും മുദ്രാവാക്യം വിളിയും ബാനറുയര്‍ത്തി സ്പീക്കറുടെ കാഴ്ച മറയ്ക്കുകയുമാണ് ഉണ്ടായത്. ചട്ട വിരുദ്ധമാണ് ഇതെല്ലാം.
എന്താണ് പ്രശ്‌നമെന്ന് സഭയ്ക്ക് മുന്നില്‍ പറയാന്‍ പ്രതിപക്ഷം തയ്യാറാകുന്നില്ല. നിയമസഭയോട് ഈ രീതിയിലുള്ള സമീപനം ഇതേവരെ നമ്മുടെ സഭയില്‍ ഉണ്ടായിട്ടില്ല. അതാണ് ഇന്നത്തെ സഭയുടെ പ്രത്യേകത. സാധാരണ നിലയില്‍ ജനാധിപത്യ രീതിയിലുള്ള സമീപനമല്ല ഇത്. ഇക്കാര്യത്തെക്കുറിച്ച് എന്ത് ന്യായീകരണമാണ് പ്രതിപക്ഷം പറഞ്ഞതെന്ന് അറിയില്ല.
സഭയ്ക്കും നാടിനും പോലും അംഗീകരിക്കാന്‍ സാധിക്കാത്ത നിലപാടാണ് ഇന്ന് സഭയില്‍ പ്രതിപക്ഷം എടുത്തത്. ജനാധിപത്യ അവകാശങ്ങള്‍ തങ്ങള്‍ അംഗീകരിക്കുന്നില്ല എന്നാണ് പ്രതിപക്ഷ നിലപാട്. വല്ലാത്തൊരു അസഹിഷ്ണുതയാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നു സഭയില്‍ കണ്ടത്. അടിയന്തര പ്രമേയ നോട്ടീസുമായി ബന്ധപ്പെട്ടുള്ള മറുപടി അത് പൂര്‍ണമായും ഒഴിവാകണം എന്ന് യുഡിഎഫ് ആഗ്രഹിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഇത്തരമൊരു നിലപാടുണ്ടായത് എന്ന് അനുമാനിക്കാന്‍ കഴിയു.
സംസ്ഥാനത്ത് കുറച്ച് നാളുകളായി യുഡിഎഫ് നടപ്പിലാക്കാന്‍ ശ്രമിക്കുന്ന അത്യന്തം ഹീനമായ രാഷ്ട്രീയ കുതന്ത്രങ്ങളുണ്ട്. അതിന്റെ ഭാഗമായുള്ള കാര്യങ്ങളാണ് ഇന്ന് സഭയില്‍ കണ്ടത്. നാട്ടില്‍ അരക്ഷിതാവസ്ഥയുണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. സംഘര്‍ഷമവും കലാപവും ഉണ്ടാക്കാനുള്ള ശ്രമമാണ്. അതിന്റെ മറ്റൊരു പതിപ്പ് നിയമസഭയിലും ഉണ്ടാക്കാന്‍ കഴിയുമോ എന്നാണ് അവര്‍ നോക്കിയത്.