സേവനങ്ങള്‍ വാതില്‍പ്പടിയില്‍-1912 കെ.എസ്.ഇ.ബി പദ്ധതിയ്ക്ക് തുടക്കമായി
കെ.എസ്.ഇ.ബിയുടെ വൈദ്യുതി സേവനങ്ങള്‍ വാതില്‍പ്പടിയില്‍ പദ്ധതിയ്ക്ക് തുടക്കമായി. ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു.ഒരു ഫോണ്‍ കോളിലൂടെ കെ.എസ്.ഇ.ബി സേവനങ്ങള്‍ ഓഫീസില്‍ എത്താതെ തന്നെ ലഭ്യമാക്കുന്നതാണ് പദ്ധതി.
1912 എന്ന കസ്റ്റമര്‍ കെയര്‍ നമ്പറിലാണ് സേവനങ്ങള്‍ക്കായി ബന്ധപ്പെടേണ്ടത്. പുതിയ വൈദ്യുതി കണക്ഷന്‍, ഉടമസ്ഥാവകാശം മാറ്റല്‍, ഫേസ്/ കണക്റ്റഡ് ലോഡ് മാറ്റല്‍,താരിഫ് മാറ്റല്‍,വൈദ്യുതി ലൈന്‍/ മീറ്റര്‍ മാറ്റിവയ്ക്കല്‍ എന്നീ സേവനങ്ങളാണ് പദ്ധതി പ്രകാരം നല്‍കുന്നത്.ജില്ലയില്‍ മാനന്തവാടി ഡിവിഷന് കീഴിലെ പാടിച്ചിറ,കോറോം ഇലക്ട്രിക്കല്‍ സെക്ഷനുകളിലും,കല്‍പ്പറ്റ ഡിവിഷനിലെ കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലുമാണ് പദ്ധതി നടപ്പിലാക്കുന്നത്.
കമ്പളക്കാട് സെക്ഷനില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍,കോട്ടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. റെനീഷ്,പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ കാട്ടി, കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജീബ് കരണി, മെമ്പര്‍ നൂറിഷ ചേനോത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.