ലക്ഷ്യ ഒരുങ്ങുന്നു സുഖപ്രസവത്തിന് വഴിയൊരുങ്ങുന്നു
സമ്പൂര്‍ണ്ണ മാതൃ ശിശു സൗഹൃദ അന്തരീക്ഷമൊരുക്കാന്‍ ലക്ഷ്യപദ്ധതി ജില്ലാ ആശുപത്രിയില്‍ ഒരുങ്ങുന്നു. നവീകരിച്ച പ്രസവ വാര്‍ഡ് അടുത്ത ദിവസം തന്നെ പ്രവര്‍ത്തനമാരംഭിക്കും.ലക്ഷ്യ പദ്ധതി നടപ്പാക്കുന്നതോടെ ജില്ലാ ആശുപത്രിയിലെത്തുന്ന ഗര്‍ഭിണികള്‍ക്ക് സുഖപ്രസവത്തിന് വഴി ഒരുങ്ങും.പ്രസവ സമയത്ത് ഉണ്ടാകാനിടയുള്ള മാതൃ – ശിശു മരണവും, രോഗാവസ്ഥയും ഒരു പരിധി വരെ തടയുവാനും അമ്മമാര്‍ക്ക് അര്‍ഹിക്കുന്ന ബഹുമാനവും അംഗീകാരവും ഉറപ്പുവരുത്താനും വേണ്ടിയാണ് ലക്ഷ്യ (LAQSHYA)യെന്ന നവീന പദ്ധതി ജില്ലാശുപത്രി സ്ത്രീ രോഗ വിഭാഗത്തില്‍ തയ്യാറാകുന്നത്.
ചികിത്സ പരിപൂര്‍ണ്ണമായും സൗജന്യമായി നല്‍കുന്നതോടൊപ്പം നൂറ് ശതമാനം സേവനവും ആശുപത്രിയില്‍ നടക്കുന്നൂവെന്ന് ഉറപ്പ് വരുത്തുകയും ഈ പദ്ധതിയുടെ ലക്ഷ്യമാണ്. നിരവധി മാതൃ ശിശു സൗഹൃദ ആശയങ്ങളും ഈ പദ്ധതിയില്‍ വിഭാവനം ചെയ്യുന്നു.മാതൃ മരണം, ശിശു മരണ,രോഗാതുര അവസ്ഥ എന്നിവ തടയുകയും, പ്രസവ സമയത്തും പ്രസവാനന്തര സമയത്തും ഏറ്റവും നല്ല നിലവാരത്തിലുള്ള ചികിത്സയും പരിചരണവും നല്‍കുകയും ഈ പദ്ധതിയുടെ ഭാഗമായി നടപ്പില്‍ വരുത്തും.
സ്ത്രി രോഗവിഭാഗ വകുപ്പ് മേധാവി ഡോ. കെ.പി അബ്ദുള്‍ റഷീദ്, ഡോ. നസീറ ഭാനു, ഡോ. ദീപ്തി രാഘവന്‍, ഡോ.ശലഭ രാജ്, ഡോ. ദീപ പുരുഷോത്തമന്‍ എന്നിവരുടെ നേതൃത്വത്തിലാണ് വൈവിധ്യമായ പദ്ധതികള്‍ നടപ്പിലാക്കുന്നത്.