കെഎസ്ആര്‍ടിസിയിലെ 100 കോടി രൂപയുടെ ക്രമക്കേട്; വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യും

0

കെഎസ്ആര്‍ടിസിയിലെ 100 കോടി രൂപയുടെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യും. ക്രമക്കേടുകള്‍ കെഎസ്ആര്‍ടിസിയുടെ വിജിലന്‍സ് വിഭാഗം അന്വേഷിക്കേണ്ടെന്നാണ് സിഎംഡി ബിജുപ്രഭാകറിന്റെ നിലപാട്. പോക്‌സോ കേസില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട ജീവനക്കാരനെ തിരികെ ജോലിയില്‍ പ്രവേശിപ്പിച്ച എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.എം. ഷറഫ് മുഹമ്മദിനെതിരെയും നടപടിയുണ്ടാകും. ഇയാള്‍ക്ക് കഴിഞ്ഞദിവസം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

കഴിഞ്ഞദിവസം കെഎസ്ആര്‍ടിസി സിഎംഡി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു 2012 മുതല്‍ 2015 വരെയുള്ള കാലയളവില്‍ ഏകദേശം 100 കോടിരൂപ കണക്കില്‍ കാണിച്ചിട്ടില്ലെന്ന് തുറന്നുപറഞ്ഞത്. കൂടുതല്‍ പണം നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന കാര്യത്തില്‍ വിശദമായ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അഴിമതി ആരോപണം നേരിടുന്ന കെഎസ്ആര്‍ടിസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എം. ശ്രീകുമാറിനെ എറണാകുളത്തേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണത്തിന് കെഎസ്ആര്‍ടിസി ഉടന്‍ തന്നെ ശുപാര്‍ശ ചെയ്യും. കെഎസ്ആര്‍ടിസിയുടെ ആഭ്യന്തര വിജിലന്‍സ് ഇക്കാര്യം അന്വേഷിക്കേണ്ടതില്ലെന്നാണ് സിഎംഡിയുടെ തീരുമാനം.

കെഎസ്ആര്‍ടിസിയില്‍ അടിമുടി അഴിച്ചുപണി ആവശ്യമെന്നാണ് സിഎംഡി ബിജു പ്രഭാകര്‍ ഇന്നലെ പറഞ്ഞത്. എല്ലാ മേഖലകളിലും വ്യാപകമായ അഴിമതിയും ക്രമക്കേടും കണ്ടെത്തി. ടിക്കറ്റ് മെഷീനില്‍ ഉള്‍പ്പെടെ കൃത്രിമം കാട്ടി വന്‍ തുക കൊള്ളയടിക്കുന്നതായി കണ്ടെത്തിയെന്നും എംഡി പറഞ്ഞിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!