മുത്തങ്ങ ഭൂസമരം: അധ്യാപകന് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്

0

മുത്തങ്ങ ഭൂസമരത്തെ തുടര്‍ന്ന് അന്യായമായി അറസ്റ്റു ചെയ്യുകയും പോലീസിന്റെ ക്രൂര മര്‍ദ്ദനം ഏറ്റുവാങ്ങി ജയില്‍ വാസം അനുഭവിച്ച അധ്യാപകന് നഷ്ടപരിഹാരം
നല്‍കാന്‍ കോടതി ഉത്തരവ്. ബത്തേരി ഡയറ്റിലെ മുന്‍ അദ്ധ്യാപകന്‍ കെ.കെ സുരേന്ദ്രനാണ് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ബത്തേരി സബ് കോടതി വിധിച്ചത്. മുത്തങ്ങ ഭൂസമരത്തില്‍ ഗൂഢാലോചന, കൊലപാതക കുറ്റങ്ങള്‍ ആരോപിച്ചായിരുന്നു പോലീസ് അറസ്റ്റ്.

ഗുരുതര പരിക്കും സസ്‌പെന്‍ഷനും അനീതിയും നേരിട്ട അധ്യാപകന്‍ പിന്നീട് നഷ്ടപരിഹാരമാവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു.
2003 ഫെബ്രുവരിയില്‍ നടന്ന മുത്തങ്ങ ഭൂസമരത്തില്‍ പങ്കുണ്ടെന്നും ഗൂഢാലോചന, കൊലപാതകം അടക്കമുള്ള കുറ്റങ്ങള്‍ ആരോപിച്ചുമായിരുന്നു ബത്തേരി ഡയറ്റിലെ അധ്യാപകനായിരുന്നു കെ.കെ സുരേന്ദ്രനെ ഡയറ്റ് ഓഫീസില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പോലീസിന്റെ ക്രൂരമര്‍ദ്ദനമാണ് ഇദ്ദേഹത്തിന് ഏറ്റുവാങ്ങേണ്ടി വന്നത്. മര്‍ദ്ദനത്തില്‍ ഇടതുചെവിയുടെ കര്‍ണപടത്തിന് ഗുരുതരപരിക്കേറ്റു. കൂടാതെ അന്യായമായി ദിവസങ്ങളോളം ജയിലില്‍ കിടന്നു. മര്‍ദ്ദനത്തില്‍ പരുക്കേറ്റ ഇദ്ദേഹത്തിന് കോടതി ഇടപെട്ടാണ് ചികിത്സ നല്‍കിയത്. സംഭവത്തെ തുടര്‍ന്ന് ജോലിയില്‍ നിന്ന് സസ്‌പെന്‍ഷന്‍ നടപടിയുമുണ്ടായി. സിബിഐ അന്വേഷണത്തില്‍ കേസില്‍ നിന്നും ഒഴിവാക്കപ്പെട്ടതോടെ 2004ല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുരേന്ദ്രന്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസിലാണ്17 വര്‍ഷങ്ങള്‍ക്ക് ശേഷം 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ബത്തേരി സബ് കോടതി ഉത്തരവിട്ടത്. വിധിയില്‍ സന്തോഷമുണ്ടന്നും പൊലീസ് അതിക്രമത്തിനെതിരെ ഉണ്ടായ വിജയമാണന്നും കെ.കെ സുരേന്ദ്രന്‍ പറഞ്ഞു.മുത്തങ്ങ സമരം നടക്കുന്ന കാലത്ത് ബത്തേരി സി.ഐ ആയിരുന്ന ദേവരാജന്‍, എസ്.ഐ വിശ്വംഭരന്‍, എ.എസ്.ഐ മത്തായി, രഘുനാഥന്‍, ജില്ലാ കലക്ടര്‍, ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് സെക്രട്ടറി എന്നിവരെ എതിര്‍കക്ഷികളാക്കിയായിരുന്നു കെ.കെ സുരേന്ദ്രന്‍ പരാതി നല്‍കിയത്.

Leave A Reply

Your email address will not be published.

error: Content is protected !!