ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജാക്കുക ജനകീയ കൂട്ടായ്മ 13 ന്
മേപ്പാടി വിംസ് മെഡിക്കല്‍ കോളേജ് ഏറ്റ് എടുക്കേണ്ടതില്ലെന്ന് തീരുമാനിച്ച സാഹചര്യത്തില്‍, മാനന്തവാടി ജില്ലാ ആശുപത്രിയില്‍ മെഡിക്കല്‍ കോളേജ് താല്ക്കാലികമായി തുടങ്ങുവാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മെഡിക്കല്‍ കോളേജ് കര്‍മ്മ സമിതി യോഗം ആവശ്യപ്പെട്ടു.വിഷയം ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് അടുത്ത ബുധനാഴ്ച 13 ന് 3 മണിക്ക് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു.
ഇതിനായി ആരോഗ്യ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ബോയ്‌സ് ടൗണിലുള്ള 65 ഏക്കര്‍ ഭൂമി വിനിയോഗിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വൈത്തിരി താലൂക്കില്‍ നിലവില്‍ സ്വകാര്യ മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കുന്നതിനാല്‍ സംസ്ഥാന ഗവണ്‍മെന്റിന്റെ നേതൃത്വത്തിലുള്ള പുതിയ മെഡിക്കല്‍ കോളേജ് മാനന്തവാടി താലൂക്കില്‍ ആരംഭിക്കുന്നതാണ് അഭികാമ്യമെന്ന് യോഗം അഭിപ്രായപ്പെട്ടു. താലൂക്കിലെ സാമൂഹ്യ- രാഷ്ടീയ സാംസ്‌ക്കാരിക , നേതാക്കളുടെ വിപുലമായ ജനകീയ കൂട്ടായ്മ മാനന്തവാടി വ്യാപാര ഭവനില്‍ സംഘടിപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍ കര്‍മ്മ സമിതി ചെയര്‍മാന്‍ കെ.ഉസ്മാന്‍ അദ്ധ്യക്ഷത വഹിച്ചു ജനറല്‍ കണ്‍വീനര്‍ കെ.എ.ആന്റണി, ഇ.ജെ ബാബു, കെ.എം ഷിനോജ്,ബാബുഫിലിപ്പ്, കെ.മുസ്തഫ, ലോറന്‍സ് കെ ജെ തുടങ്ങിയവര്‍ സംസാരിച്ചു.