മെഡിക്കല്‍ കോളേജ് ബീനാച്ചി എസ്റ്റേറ്റില്‍ സ്ഥാപിക്കണം

0

വയനാട് മെഡിക്കല്‍ കോളേജ് ബത്തേരി ബീനാച്ചി എസ്റ്റേറ്റില്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തം. ജില്ലയിലെ എല്ലാപ്രദേശങ്ങളില്‍ നിന്നും എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധ്യമാകുന്ന സ്ഥലമാണ് ബീനാച്ചി. മധ്യപ്രദേശ് സര്‍ക്കാറിന്റെ കൈവശമുള്ള ബീനാച്ചിയിലെ 560ഏക്കര്‍ ഭൂമി ഏറ്റെടുത്ത് മെഡിക്കല്‍ കോളേജ് സ്ഥാപിക്കണമെന്നാണ് ആവശ്യം.

മേപ്പാടിയിലെ വിംസ് സ്വകാര്യ മെഡിക്കല്‍ കോളേജ് ഏറ്റെടുത്ത് വയനാട് മെഡിക്കല്‍ കോളേജ് ആക്കാനുളള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ച സാഹചര്യത്തിലാണ് പുതിയ മെഡിക്കല്‍ കോളേജ് ബത്തേരി ബീനാച്ചി എസ്റ്റേറ്റില്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നത്. ആദ്യം മടക്കിമലയിലായിരുന്നു മെഡിക്കല്‍ കോളേജ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. പിന്നീട് ചുണ്ടയിലേക്കും അവസാനം വിംസ് മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാനുമായിരുന്നു തീരുമാനം. എന്നാല്‍ തീരുമാനത്തില്‍ നിന്നും പിന്‍മാറിയതോടെ പുതിയ സ്ഥലംകണ്ടെത്തി മെഡിക്കല്‍ കോളേജ് സ്ഥാപിക്കാനാണ് നിലവില്‍ സര്‍ക്കാരിന്റെ തീരുമാനം. ഈ സാഹചര്യത്തിലാണ് അനുയോജ്യമായ സ്ഥലമെന്ന നിലയില്‍ ദേശീയപാതയോരത്ത് സ്ഥിതിചെയ്യുന്ന ബീനാച്ചി എസ്റ്റേറ്റ് ഏറ്റെടുത്ത് ഇവിടെ മെഡിക്കല്‍ കോളേജ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നത്. ജില്ലയിലെ എല്ലാ പ്രദേശങ്ങളില്‍ നിന്നും ഇവിടേക്ക് എളുപ്പത്തില്‍ എത്തിച്ചേരാനാകുമെന്നത് അനുകൂല ഘടകമാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മധ്യപ്രദേശ് സര്‍ക്കാരുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കല്‍ നടപടി എത്രയും പെട്ടന്ന് നടത്തണമെന്നാണ് ആവശ്യമുയരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!