മഴ മാറിയിട്ടും ഷട്ടറുകള്‍ താഴ്ത്താതെ ബാണാസുര
മഴ കുറഞ്ഞിട്ടും ബാണാസുര സാഗര്‍ അണക്കെട്ടില്‍ നിന്നും ഷട്ടറുകള്‍ വഴി വെള്ളം ഒഴുക്കി വിടുന്നത് തുടരുന്നു. ഡാമിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും ദീര്‍ഘകാലം ഷട്ടറുകള്‍ അടയ്ക്കാത്ത അവസ്ഥ തുടരുന്നത്. ജൂലൈ 15 നായിരുന്നു ഇത്തവണ ആദ്യം ഷട്ടറുകള്‍ തുറന്നത്. പിന്നീട് വിവിധ ഘട്ടങ്ങളായി 290 സെന്റി മീറ്റര്‍ വരെ ഉയര്‍ത്തി. ആദ്യ തവണ ഡാം തുറന്നപ്പോള്‍ കൃത്യമായ മുന്നറിയിപ്പ് നല്‍കാത്തത് വിവാദമായതിന്നെ തുടര്‍ന്ന് പിന്നീട് കൃത്യമായ വിവരങ്ങള്‍ നല്‍കിയാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. സമീപ പഞ്ചായത്തുകളിലടക്കം നിരവധി നാശ നഷ്ടങ്ങള്‍ സംഭവിച്ചതോടെ വന്‍ പ്രതിഷേധവും ഉയര്‍ന്നിരുന്നു. ഒരു ഷട്ടറിലൂടെ 10 സെന്റി മീറ്റര്‍ ഉയരത്തിലാണ് ഇപ്പോള്‍ വെള്ളം തുറന്നു വിടുന്നത്.