സംസ്ഥാനങ്ങള്‍ക്ക് പക്ഷിപ്പനി മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍

0

സംസ്ഥാനങ്ങള്‍ക്ക് പക്ഷിപ്പനി മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. സാഹചര്യം ഗുരുതരമെന്നും സാധ്യമായ എല്ലാ മുന്‍കരുതലും പക്ഷിപ്പനി വ്യാപനം ഒഴിവാക്കാന്‍ സ്വീകരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. കേരളത്തിന് പുറമേ ഹിമാചല്‍ പ്രദേശ് രാജസ്ഥാന്‍ മധ്യപ്രദേശ് ഹരിയാന ഗുജറാത്ത് സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.

ഹിമാചലിലെ പോങ് ടാം വന്യജീവി സങ്കേതത്തില്‍ കണ്ടെത്തിയ ചത്ത ദേശാടന പക്ഷികളില്‍ എച്ച്-5 എന്‍-1 സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ രാജ്യത്തെ വിവിധ ഇടങ്ങളില്‍ ദേശാടന പക്ഷികള്‍ കൂട്ടത്തോടെ ചാകുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ അടിയന്തിര ജാഗ്രതാ നിര്‍ദ്ദേശം. സംസ്ഥാനങ്ങള്‍ സാധ്യമായ എല്ലാ മുന്‍ കരുതലും സ്വീകരിക്കണം എന്നും വെല്ലുവിളി ഗുരുതരമാണെന്നും ആണ് സന്ദേശം.

 

അതത് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കാണ് കേന്ദ്രം കത്ത് കൈമാറിയത്. പറവകള്‍ അടക്കമുള്ള പക്ഷികളില്‍ രോഗം പടരാന്‍ സാധ്യത വലുതാണെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. സാഹചര്യങ്ങള്‍ നിരന്തരമായി നിരിക്ഷിക്കണം. ജനങ്ങളുടെ സഹായം പക്ഷിപ്പനി നിരിക്ഷണത്തിന് ഉറപ്പാക്കണം. തുടങ്ങിയ നിര്‍ദ്ദേശങ്ങളും കത്തില്‍ ഉണ്ട്.

ഹരിയാനയില്‍ കോഴികള്‍ ഉള്‍പ്പെടെ ഒരു ലക്ഷത്തോളം പക്ഷികള്‍ ആണ് ചത്തത്. രാജസ്ഥാനിലെ ഝാല്‍വാറില്‍ കാക്കകള്‍ ചത്തു വീണതിന് പിന്നിലും പക്ഷിപ്പനിയാണെന്ന് സ്ഥിരീകരിച്ചു. ഗുജറാത്തിലെ ജുനഗഡ് ജില്ലയില്‍ മാനവദാര്‍ താലൂക്കില്‍ ഖരോ റിസര്‍വോയറില്‍ 53 ജലപക്ഷികളെ ചത്ത് പൊങ്ങിയ നിലയില്‍ കണ്ടെത്തി. എല്ലാവര്‍ഷവും ആയിരക്കണക്കിന് ദേശാടന പക്ഷികള്‍ താവളമടിക്കുന്ന ഇവിടെയും പക്ഷിപ്പനി സാധ്യത നിലനില്‍ക്കുന്നതായി വനംവകുപ്പ് അറിയിച്ചു.

പക്ഷിപ്പനി ഭീഷണിയുടെ പശ്ചാത്തലത്തില്‍ മധ്യപ്രദേശില്‍ ഇറച്ചി, മുട്ട വ്യാപാരം പതിനഞ്ച് ദിവസത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. സാഹചര്യം വിശദികരിച്ച് നല്‍കിയ കത്തിന് തുടര്‍ച്ചയായി വിഷയത്തില്‍ പക്ഷിപ്പനി ബാധിത സംസ്ഥാനങ്ങളുടെ അടിയന്തിര യോഗവും കേന്ദ്രസര്‍ക്കാര്‍ ഉടന്‍ വിളിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!