ബസ് റൂട്ട് അനുവദിക്കണം:നിവേദനം നല്‍കി
എടവക പഞ്ചായത്ത് പാണ്ടിക്കടവ്, അമ്പലവയല്‍, റൂട്ടിലൂടെ മാനന്തവാടി നിന്നും ബസ് റൂട്ട് അനുവദിക്കണമെന്ന് എടവക അമ്പലവയല്‍ മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി ആവശ്യപ്പെട്ടു.ഈ ആവശ്യമുന്നയിച്ച് കെ.എസ്.ആര്‍.ടി.സി.മാനന്തവാടി അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്ക് നിവേദനം നല്‍കിയതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മാനന്തവാടി നിന്നും മൂന്ന് കിലോമീറ്റര്‍ ദൂരപരിധിയുള്ള അമ്പലവയലില്‍ നിന്നും നൂറ് കണക്കിന് ആളുകളാണ് ഉപജീവനമാര്‍ഗ്ഗത്തിന് വേണ്ടി ഏറ്റവും അടുത്തുള്ള ടൗണ്‍ ആയ മാനന്തവാടിയെ ആശ്രയിക്കുന്നത്.ഇതിന് പുറമെ സമീപ പ്രദേശങ്ങളിലുള്ള പി.കെ.കാളന്‍ മെമ്മോറിയല്‍ കോളേജ്, ഹെല്‍ത്ത് സെന്റര്‍, പ്രസിദ്ധമായ തിറ ഉത്സവം, മുസ്ലിം പള്ളി, കുരിശ് പള്ളി, പയിങ്ങാട്ടേരി സ്‌കൂള്‍, നല്ലൂര്‍ നാട് വില്ലേജ് ഓഫീസ്, തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകാന്‍ബസ് സര്‍വ്വീസ് ഇല്ലാത്തതിനാല്‍ ജനങ്ങള്‍ ഏറെ ദുരിതം പേറുകയാണ്. ഇവിടങ്ങളിലേക്ക് പോകാന്‍ ഏക ആശ്രയം ഓട്ടോറിക്ഷകള്‍ മാത്രമാണ്.
ഭീമമായ തുകയാണ് ഇതിനായി യാത്രക്കാര്‍ മുടക്കേണ്ടി വരുന്നത്.കാര്‍ഷിക മേഖലയായ പ്രദേശങ്ങളിലെ ജനങ്ങള്‍ എന്ത് ആവശ്യത്തിനും മാനന്തവാടിയെ മാത്രമാണ് ആശ്രയിക്കുന്നത്.പൊതുജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരം കാണാനായി ബസ്സ് സര്‍വ്വീസ് ഉടനടി ആരംഭിക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് നാട്ടുകാര്‍ ഒപ്പിട്ട ഭീമ ഹര്‍ജിയും കെ.എസ്.ആര്‍.ടി.സി അധികൃതര്‍ക്ക് നല്‍കുകയും ചെയ്തു. വാര്‍ത്താ സമ്മേളനത്തില്‍ പി.വി.സമദ്, ശിഹാബ് മലബാര്‍, സി. നദീര്‍, ഫൈസല്‍ വടക്കേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.