വോട്ടര്‍ പട്ടിക പുതുക്കല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണം അനിവാര്യം

0

വോട്ടര്‍ പട്ടിക പുതുക്കല്‍ പരിപൂര്‍ണ്ണമാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുടെ സഹകരണം അനിവാര്യമാണെന്ന് വോട്ടര്‍ പട്ടിക നീരിക്ഷകന്‍ കെ.ഗോപാലകൃഷണ ഭട്ട് പറഞ്ഞു. സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന്റെ ഭാഗമായി വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളു മായി കലക്ടറേറ്റില്‍ നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.അര്‍ഹരായ മുഴുവന്‍ വോട്ടര്‍മാരെയും  പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് പ്രദേശത്തെ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുടെ സഹകരണം ആവശ്യമാണ്.  പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രത്യേകം ബൂത്ത്തല ഏജന്റിനെ നിയമിക്കുന്ന കാര്യം പരിഗണിക്കണം. വോട്ടര്‍ പട്ടികയുടെ സുതാര്യത ഉറപ്പാക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍, തിരുത്തല്‍, നീക്കം ചെയ്യല്‍ എന്നിവ നടത്തുന്നതിന് ഡിസംബര്‍ 31 വരെ അനുവദിച്ചിട്ടുള്ള അവസരം പൊതുജനങ്ങള്‍ പ്രയോജനപ്പെടുത്തണം. പ്രദേശത്തുളള വി.ഐ.പി വോട്ടര്‍മാരുടെ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് നീരിക്ഷകന്‍ പറഞ്ഞു. വോട്ടര്‍ പട്ടികയില്‍ നിന്ന് വോട്ടറുടെ പേര് നീക്കം ചെയ്യുന്ന സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന്റെ ജനാധിപത്യ അവകാശം നഷ്ടമാകില്ലെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുളള രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളോട് അഭ്യര്‍ത്ഥിച്ചു.

കോവിഡ് പാശ്ചാത്തലത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് കൂടുതല്‍ പോളിങ് സ്റ്റേഷനുകള്‍ ഒരുക്കേണ്ടി വരും.  ആയിരത്തില്‍ കൂടുതല്‍ വോട്ടര്‍മാര്‍ ഉളള ഇടങ്ങളില്‍ അധിക ബൂത്തുകള്‍ സ്ഥാപിക്കും. വയനാട് ജില്ലയില്‍ 362 ഓളം അധിക ബൂത്തുകള്‍ ഇത്തരത്തില്‍ ഒരുക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. ബൂത്തുകള്‍ ഒരുക്കുമ്പോള്‍ മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഉളള കെട്ടിടങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. നിലവിലെ  ബൂത്തുകളുടെ കാര്യത്തിലും കോപൗണ്ടിലെ നല്ല കെട്ടിടങ്ങളാണ് ഉപയോഗിക്കേണ്ടത്.

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതില്‍ പൊതുജനങ്ങള്‍ നേരിടുന്ന പ്രയാസങ്ങളും സാങ്കേതിക പ്രശ്നങ്ങളും സി.കെ ശശീന്ദ്രന്‍ എം.എല്‍.എയും ഒ.ആര്‍ കേളു എം.എല്‍.എയും നിരീക്ഷകനോട് പങ്കുവെച്ചു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും വിവിധ വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തി.

ജില്ലയിലെ വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രവര്‍ത്തനങ്ങളുടെ പുരോഗതി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു.  2021 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാകുന്നത് അടിസ്ഥാനമാക്കി ഡിസംബര്‍ 31 വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍, തിരുത്തല്‍, നീക്കം ചെയ്യല്‍ എന്നിവ ചെയ്യാം. നവംബര്‍ 16 നാണ് ഇതിന്റെ നടപടികള്‍ ആരംഭിച്ചത്.  വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കലിനും തിരുത്തലുകള്‍ക്കും voterportal.eci.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.

യോഗത്തില്‍  ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ. ജയപ്രകാശ്, കെ.റഫീഖ് (സി.പി.എം), പ്രശാന്ത് മലവയല്‍ (ബി.ജെ.പി), എം.എ ജോസഫ് (കോണ്‍ഗ്രസ്), യഹ്യാഖാന്‍ തലക്കല്‍ (ഐ.യു.എം.എല്‍) തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!