ഒമാനില്‍ കൊവിഡ് വാക്‌സിനേഷന്‍ ഞായറാഴ്ച തുടങ്ങും
ഒമാനില്‍ കൊവിഡ് വാക്‌സിനേഷന്‍ അടുത്ത ഞായറാഴ്ച മുതല്‍ ആരംഭിക്കും. ഞായറാഴ്ച ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ സഈദി വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് വാക്‌സിനേഷന്‍ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്യും. ഫൈസര്‍ കൊവിഡ് വാക്‌സിന്റെ 15,600 ഡോസ് ഈയാഴ്ച എത്തും.ഗുരുതര രോഗങ്ങളുള്ളവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഉള്‍പ്പെടെ മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. 21 ദിവസത്തിന്റെ ഇടവേളകളിലായി രണ്ട് ഡോസ് വീതം ഒരാള്‍ക്ക് നല്‍കും. നിലവിലെ സാഹചര്യത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി ഒമാന്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സുപ്രീം കമ്മറ്റിയുടെ തീരുമാനം അനുസരിച്ചാണ് അതിര്‍ത്തികള്‍ അടച്ചത്. ഇത് മുന്‍കരുതല്‍ നടപടികളുടെ ഭാഗമാണ്. ഏതൊക്കെ രാജ്യങ്ങളിലാണ് കൊവിഡ് വൈറസിന്റെ പുതിയ വകഭേദം പടരുന്നതെന്ന് കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഈ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.