കമ്പളക്കാട് പറളിക്കുന്ന് ലക്ഷംവീട് കോളനിയില്‍ ദുരൂഹ സാഹചര്യത്തില്‍ മധ്യവയസ്‌കന്‍ മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു.മലപ്പുറം കരിപ്പൂര്‍ കിളിനാട്ട് അബ്ദുല്‍ ലത്തീഫ് ആണ് മരിച്ചത്.രണ്ടാം ഭാര്യ ജസ്‌ന, സഹോദരന്‍ ജംഷാന്‍ എന്നിവരെ കല്‍പ്പറ്റ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അബ്ദുല്‍ ലത്തീഫ് പറളിക്കുന്നിലെ രണ്ടാം ഭാര്യയുടെ വീട്ടിലെത്തിയത്. ഇവിടെ വെച്ചുണ്ടായ മര്‍ദ്ദനത്തില്‍ ഇയാള്‍ക്ക്
ഗുരുതര പരിക്കേറ്റിരുന്നു. സംഭവത്തില്‍ രണ്ടാം ഭാര്യ ജസ്‌ന, സഹോദരന്‍ ജംഷാന്‍ എന്നിവരെ കല്‍പ്പറ്റ പോലീസ് കഴിഞ്ഞദിവസം തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യംചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. കേസില്‍കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.ലത്തീഫുമായി ഭാര്യയും, ഭാര്യവീട്ടുകാരും സാമ്പത്തിക വിഷയത്തിലടക്കം തര്‍ക്കമുണ്ടായിരുന്നു. മരിച്ച ലത്തീഫിനെതിരെ മുന്‍പും കേസുകള്‍ എടുത്തിട്ടുണ്ട്. ഞായറാഴ്ച രാത്രി വീട്ടില്‍ നിന്നും ബഹളം കേട്ടതായും നാട്ടുകാര്‍ പറഞ്ഞു. പിന്നീട് കല്‍പ്പറ്റ പൊലീസ് സംഭവസ്ഥലത്തെത്തുകയും അവശനിലയില്‍ കണ്ടെത്തിയ ലത്തീഫിനെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് ലത്തീഫിന്റെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് മര്‍ദ്ദനത്തേ തുടര്‍ന്നാണ് മരണമെന്ന് തിരിച്ചറിഞ്ഞത്.