ആദിവാസി യുവാവിന്റെ മരണം; സുഹൃത്ത് അറസ്റ്റില്‍
ആദിവാസി യുവാവ് വെടിയേറ്റ് മരിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മരിച്ചയാളുടെ സുഹൃത്തും മക്കോല അണ്ണന്റെ മകനുമായ സുമേഷ് (32) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച തന്നെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തി രുന്നെങ്കിലും ഞായറാഴ്ച വൈകീട്ടോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് ചെയ്ത പ്രതിയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. കാപ്പാട്ടുമല തലക്കാംകുനി അച്ചപ്പന്റെ മകന്‍ കേളു (38) നെയാണ് പേര്യ വള്ളിത്തോട് ദുര്‍ഗാഭഗവതി ക്ഷേത്രത്തിന് സമീപം വനത്തോട് ചേര്‍ന്ന് സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ വെളളിയാഴ്ച രാവിലെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃഗവേട്ടയ്ക്കിടെ അബദ്ധത്തില്‍ വെടിയേറ്റതെന്നാണ് സൂചന. കല്‍പ്പറ്റ ഡി.വൈ.എസ്.പി പ്രിന്‍സ് അബ്രഹാം, തലപ്പുഴ എസ്.ഐ സി.ആര്‍.അനില്‍കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് നടന്ന അന്വേഷണ ത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.വിരലടയാള വിദഗ്ദ്ധരും സംഭവ സ്ഥലത്തെത്തി വിശദമായി പരിശോധിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ശനിയാഴ്ച വൈകീട്ടോടെ വീട്ടീലെത്തിച്ച മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. അതേ സമയം വ്യാഴാഴ്ച രാത്രിയില്‍ വെടിയേറ്റ് പിടഞ്ഞ നിമിഷം യുവാവ് പ്രദേശത്തെ ചിലരെ ഫോണ്‍ മുഖേന വിളിച്ചതായും സൂചനയുണ്ട്. കൂടാതെ യുവാവിന് വെടിയേറ്റ വിവരം നാട്ടുകാരില്‍ ചിലരെ പ്രതി അറിയിച്ചിരുന്നതായും എന്നാല്‍ ആരും രക്ഷിക്കാനെത്തിയില്ലെന്ന ആരോപണമുണ്ട്. സംഭവം നടന്ന സ്ഥലത്ത് നിന്ന് കേവലം 200 മീറ്റര്‍ മാത്രം അകലെയാണ് വള്ളിത്തോട് സാമൂഹ്യാരോഗ്യകേന്ദ്രം. അടിവയറിനും കാലിനുമായി വെടിയേറ്റ യുവാവ് മണിക്കൂറു കളോളം രക്തം വാര്‍ന്നാണ് മരിച്ചതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കൂടാതെ മൃഗവേട്ട സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്ളതായും സൂചനയുണ്ട്. (27.08.2018) തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുന്ന പ്രതിയെ കൂടുതല്‍ തെളിവെടുപ്പിനായി വിട്ടുകിട്ടാന്‍ പോലീസ് അപേക്ഷ നല്‍കും.