പിലാക്കാവ് പഞ്ചാരകൊല്ലിയില്‍ വന്‍ ഉരുള്‍പൊട്ടല്‍

0

മാനന്തവാടി നഗരസഭയിലെ പിലാക്കാവ് പഞ്ചാരക്കൊല്ലിയില്‍ വന്‍ ഉരുള്‍പൊട്ടല്‍. ആറ് വീടുകള്‍ ഒലിച്ചുപോയി. കുടുംബങ്ങളെ നേരത്തെ ഒഴിപ്പിച്ചതിനാല്‍ ആളപായം ഒഴിവായി. കല്ലും മണ്ണും ഒഴുകി ഏക്കറുകണക്കിന് വയല്‍ നികന്നു. വളര്‍ത്തുമൃഗങ്ങള്‍ മണ്ണിനടിയിലായി. പ്രദേശത്ത് വീണ്ടും ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് ഇരുനൂറോളം കുടുംബങ്ങളെ മാറ്റി. വ്യാഴാഴ്ച രാത്രി എട്ടരയോടെയായിരുന്നു വന്‍ശബ്ദത്തോടെയുള്ള ഉരുള്‍പൊട്ടല്‍. ആദിവാസികളെ പുനരധിവസിപ്പിച്ചിട്ടുള്ള പ്രിയദര്‍ശിനി എസ്റ്റേറ്റിനോട് ചേര്‍ന്നുള്ള വനത്തിലാണ് ഉരുള്‍പൊട്ടിയത്. വന്‍ മരങ്ങളുള്‍പ്പെടെ കടപുഴകി കിലോമീറ്ററുകള്‍ താഴേക്കെത്തി. മലവെള്ളത്തിനൊപ്പം കൂറ്റന്‍കല്ലുകളും മണ്ണും ഒലിച്ചിച്ചെത്തി. നിമിഷങ്ങള്‍ക്കകം വീടുകള്‍ തകര്‍ന്നു. ഇവയുടെ അവശിഷ്ടങ്ങള്‍പോലും കാണാനില്ല. പകല്‍ മൂന്നോടെ വീടുകള്‍ക്ക് മുകളില്‍ വനത്തില്‍ മണ്ണിടിച്ചിലിന്റെ സാധ്യതകള്‍ ഉണ്ടായിരുന്നു. വൈകിട്ട് ആറോടെ പത്തോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. രണ്ട് മണിക്കൂറിനകം ഉരുള്‍പൊട്ടി വീടുകള്‍ നാമാവശേഷമായി. മുണ്ടൂര്‍ ചന്ദ്രന്‍, വാഴപ്പള്ളിക്കുന്നേല്‍ ചന്ദ്രന്‍, സി കെ മണി, താളുമൂട്ടില്‍ അമ്മിണി, ചെറുകാട്ടില്‍ സുനിത, ചെറുകാട്ടില്‍ പ്രഭു എന്നിവരുടെ വീടുകളാണ് ഒലിച്ചുപോയത്. സമീപത്തെ മറ്റു നാല് വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഉരുള്‍പൊട്ടുന്ന ശബ്ദംകേട്ട് ആളുകള്‍ എത്തുമ്പോഴേക്കും മലവെള്ളം ഒലിച്ചെത്തിയിരുന്നു. ആര്‍ക്കും ഒന്നും ചെയ്യാനായില്ല. പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയെങ്കിലും വീടുകളില്‍ ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. തുടര്‍ന്നും ഉരുള്‍പൊട്ടാലുള്ള സാധ്യത കണക്കിലെടുത്ത് സമീപത്തെ കുടുംബങ്ങളെ രാത്രിയില്‍ തന്നെ മാറ്റി. കഴിഞ്ഞ എട്ടിന് ഈ പ്രദേശത്തോട് ചേര്‍ന്ന് പ്രിയദര്‍ശിനി എസ്റ്റേറ്റിന് മുകളില്‍ മലയില്‍ മണ്ണിടിഞ്ഞ് നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. രാത്രിയില്‍ ആളുകള്‍ ഓടിരക്ഷപ്പെടുകയായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!