അധികൃതരുടെ അവഗണന വോട്ട് ബഹിഷ്‌കരിക്കാനൊരുങ്ങി കുമ്പളാട്
പ്രദേശത്തെ റോഡുകളോടും അണക്കെട്ടിനോടുമുള്ള ത്രിതല പഞ്ചായത്തുകളുടെ അവഗണനയില്‍ പ്രതിഷേധിച്ച് വോട്ട് ബഹിഷ്‌കരണം ഉള്‍പ്പെടെയുള്ള പ്രതിഷേധ നടപടികളിലേക്ക് നീങ്ങുകയാണ് മുട്ടില്‍ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് കുമ്പളാട് – കാവുവയല്‍ പ്രദേശവാസികള്‍. ഇതിനായി ജനകീയ പ്രതിഷേധ കമ്മിറ്റി യോഗം ചേരുകയും ചെയ്തു.
70 വര്‍ഷത്തോളം പഴക്കമുള്ള കുമ്പളാട്- വാട്ടര്‍ടാങ്ക് റോഡ് വര്‍ഷങ്ങളായി മുന്നണികള്‍ മാറിമാറി ഭരിച്ചിട്ടും വാഗ്ദാനങ്ങളില്‍ നില്‍ക്കുകയല്ലാതെ ഉപയോഗ്യയോഗ്യ മാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും, കുമ്പളാട്, ആവുവയല്‍, ചിറ്റൂര്‍, ചിത്രമൂല, കല്ലുവയല്‍ എന്നീ പ്രദേശങ്ങളിലെ നെല്‍കര്‍ഷകരുടെ ഏക ആശ്രയമായ കല്ലന്‍ച്ചിറ ഡാമിന്റെ അടിയന്തര അറ്റകുറ്റപ്പണികള്‍ നടത്താന്‍ അധികാരികള്‍ തയ്യാറാവുന്നില്ലെന്നും, കല്ലഞ്ചിറ -കുമ്പളാട് പ്രദേശങ്ങളെ യോജിപ്പിക്കുന്ന ഏറെ ഉപകാരപ്രദമായ റോഡിന്റെ അറ്റകുറ്റപ്പണികള്‍ വൈകിപ്പിക്കുകയാണെന്നും ആരോപിച്ചാണ് കുമ്പളാട് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പ്രദേശത്തെ 50 ഓളം കുടുംബങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരണം അടക്കമുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
പ്രദേശത്തെ വീടുകളില്‍ വോട്ട് ബഹിഷ്‌കരിച്ചു കൊണ്ടുള്ള പോസ്റ്ററും പതിച്ചു കഴിഞ്ഞു. ജനകീയ സമിതി യോഗത്തില്‍ സണ്ണി സേവ്യര്‍, സജി, രാധാകൃഷ്ണന്‍, മുഹമ്മദാലി, പ്രമോദ് എന്നിവര്‍ സംസാരിച്ചു. വീടുകള്‍തോറും കയറി പ്രചാരണം നടത്തി പ്രതിഷേധസമരം ശക്തമാക്കാനാണ് കമ്മറ്റിയുടെ തീരുമാനം.