അരിവാള്‍ രോഗിയായ മൂന്നാം ക്ലാസുകാരനും പിതാവും കലക്ടറേറ്റിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.അരിവാള്‍ രോഗികളോടുള്ള സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെയായിരുന്നു പ്രതിഷേധം നടത്തിയത്. മാസം 2000 രൂപയാണ് അരിവാള്‍ രോഗികള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച പെന്‍ഷന്‍ തുക.എന്നാല്‍ കഴിഞ്ഞ എട്ടുവര്‍ഷമായി പെന്‍ഷന്‍ ലഭിച്ചിട്ടില്ലെന്നാണ് ഇവരുടെ പരാതി.
പുല്‍പ്പള്ളി കല്ലുവയല്‍ ചോമാടി അനില്‍കുമാറും മകനുമാണ് കലക്ടറേറ്റിനു മുന്നില്‍ സമരം നടത്തിയത്. എല്ലാവര്‍ക്കും പെന്‍ഷന്‍ കൊടുക്കുമ്പോഴും അരിവാള്‍ രോഗികളോട് സര്‍ക്കാര്‍ തികച്ചും അവഗണനയാണ് കാണിക്കുന്നതെന്നും അനില്‍കുമാര്‍ പറഞ്ഞു.
മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന മകനും ജന്മനാ അരിവാള്‍ രോഗബാധിതനാണ്. അനില്‍കുമാറിന്റെ ഭാര്യ രോഗം മൂര്‍ച്ഛിച്ച് 5 വര്‍ഷം മുമ്പ് മരിച്ചു. പ്രായമായ അമ്മയും രോഗബാധിതനായ മകനും അടങ്ങിയ കുടുംബത്തിന് ഏകാശ്രയം അപസ്മാര രോഗിയായ അനില്‍കുമാറിന്റെ കൂലിപ്പണിയാണ്. വയനാട്ടില്‍ ഇരുനൂറിന് മുകളില്‍ ഏകദേശം അരിവാള്‍രോഗികളുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇവരുടെ കുടുംബത്തിന്റെ വോട്ടും ഇത്തവണ നിര്‍ണ്ണായകമാകും.