വിദേശ തൊഴിലാളികളുടെ റിക്രൂട്മെന്റ് നടപടികൾ പുനരാരംഭിച്ചു
വിദേശ തൊഴിലാളികളുടെ റിക്രൂട്മെന്റ് നടപടികൾ പുനരാരംഭിച്ചതോടെ ഖത്തറിലെ തൊഴിൽ മേഖല വീണ്ടും സജീവമായി. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് താൽക്കാലികമായി നിർത്തിവച്ച റിക്രൂട്മെന്‍റ് നടപടികൾ പുനരാരംഭിച്ചത് മലയാളികളടക്കമുള്ള വിദേശികള്‍ക്കേറെ ആശ്വാസമാകും.ആദ്യ ഘട്ടത്തിൽ കമ്പനികളുടെ അപേക്ഷകളാണ് സ്വീകരിക്കുന്നത്.
തൊഴിലാളികളുടെ അഭാവത്താൽ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാത്ത കമ്പനികൾക്കും റിക്രൂട്മെന്‍റ് പുനരാരംഭിച്ചത് ആശ്വാസമായി. അതേസമയം തൊഴിലാളികൾക്ക് മിനിമം വേതന വ്യവസ്ഥയും മികച്ച താമസ സൗകര്യങ്ങളും ഉറപ്പാക്കുന്ന കമ്പനികളുടെ അപേക്ഷകൾ മാത്രമേ പരിഗണിക്കുകയുള്ളു.
ഭക്ഷണവും താമസവും ഉൾപ്പെടെ 1,000 റിയാലും ഭക്ഷണവും താമസവും ഇല്ലെങ്കിൽ 1,800 റിയാലുമാണ് മിനിമം വേതനം. റിക്രൂട്മെന്‍റ് നടപടികൾ പുനരാരംഭിച്ചെങ്കിലും രാജ്യത്തേക്ക് എത്തുന്നവർ ദുരന്തനിവാരണ ഉന്നതാധികാര കമ്മിറ്റിയുടെ യാത്രാ, പ്രവേശന, ക്വാറന്‍റീൻ വ്യവസ്ഥകൾ പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.ഇതുപ്രകാരം ആഭ്യന്തര മന്ത്രാലയ ത്തിന്‍റെ എക്‌സപ്ഷണൽ എൻട്രി പെർമിറ്റ് ലഭിക്കുന്നവർ ക്കാണ് രാജ്യത്തേക്ക് പ്രവേശനം.
മന്ത്രാലയത്തിന്‍റെ പെർമിറ്റിനായി തൊഴിലുടമ വേണം അപേക്ഷ നൽകാൻ. അതേസമയം ആഭ്യന്തര മന്ത്രാലയം തൊഴിലാളികൾക്ക് വീസ അനുവദിച്ചാല്‍ മാത്രമേ എൻട്രി പെർമിറ്റിനായി അപേക്ഷിക്കാന്‍ സാധിക്കൂ.