നെല്‍പ്പാടം മനോഹരമായ ക്യാന്‍വാസാക്കി യുവ കര്‍ഷകന്‍. ബത്തേരി തയ്യില്‍ പ്രസീദെന്ന യുവ കര്‍ഷകനാണ് തന്റെ നെല്‍പ്പാടം പാഡി ആര്‍ട്ടിനായി ഉപയോഗിക്കുന്നത്. ഇത്തവണ പ്രണയ മീനുകളുടെ ത്രിമാന ചിത്രമാണ് ഇദ്ദേഹം വയലില്‍ നെല്‍ച്ചെടികള്‍കൊണ്ട് തീര്‍ത്തിരിക്കുന്നത്.
നമ്പികൊല്ലി കഴമ്പ് വയലിന്റെ മുകളിലൂടെ സഞ്ചരിച്ചാല്‍ പച്ചവിരിച്ച് കിടക്കുന്ന നെല്‍പ്പാടത്തിനു നടുക്ക് പ്രണയ സല്ലാപം നടത്തുന്ന ത്രിമാന രൂപത്തിലൂള്ള പ്രണയ മീനുകളെ കാണാം. ഇത് വരച്ചുണ്ടാക്കിയതല്ല. മറിച്ച് പാഡി ആര്‍ട്ട് ഉപയോഗിച്ച്് നെല്‍ച്ചെടികള്‍കൊണ്ട് തീര്‍ത്തതാണ്. കാറ്റില്‍ നെല്‍ച്ചെടികള്‍ ഇളകുമ്പോള്‍ മീനുകള്‍ നീന്തിതുടിക്കുന്ന അനുഭവമണ് കാഴ്ച്ചക്കാര്‍ക്ക്് സമ്മാനിക്കുന്നത്. ഇത്തരത്തില്‍ വയല്‍ ഒരു കലയുമാക്കി മാറ്റാം എന്ന തെളിയിച്ചിരിക്കുന്നത് ബത്തേരി സ്വദേശി തയ്യില്‍ പ്രസീദ് കുമാറാണ്. കൃഷിയിറക്കുന്ന ജൂലൈ മാസത്തില്‍ ഉഴുതൊരുക്കിയ നിലത്ത് ചിത്രകാരനായ എ വണ്‍ പ്രസാദ് മീനുകളുടെ രേഖാ ചിത്രം തീര്‍ത്തു.
തുടര്‍ന്ന് വിവിധ നിറങ്ങളിലും വലിപ്പത്തിലുമുള്ള നെല്‍ച്ചെടികള്‍ രേഖചിത്രത്തില്‍ നട്ടുവളര്‍ത്തിയാണ് പ്രണയമീനുകളുടെ വിസ്മയിപ്പിക്കുന്ന ത്രിമാന ചിത്രം തീര്‍ത്തത്. ഛത്തീസ്ഗഡില്‍ നിന്നുമെത്തിച്ച വയലറ്റ് നിറമുള്ള സബര്‍ബാത്ത് നെല്ലിനംകൊണ്ടാണ് പ്രണയമീനുകളെ തീര്‍ത്തത്. പശ്ചാതലത്തില്‍ രക്തശാലി, ജീരകശാല, മല്ലിക്കുറുവയും പാകിയിട്ടുണ്ട്. കാര്‍ഷികമേഖലയില്‍ കലയുംകൂട്ടിച്ചേര്‍്്ത്ത് ഒരുക്കിയ പ്രണയമീനുകള്‍ നീന്തുന്ന പ്രസീദിന്റെ നെല്‍കൃഷി കാണാന്‍ നിരവധി പേരാണ് എത്തുന്നത്. കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടെയും ഉണര്‍വിനായാണ് ഇത്തരമൊരു പാടി ആര്‍്ട്ട് ചെയ്യുന്നതെന്നാണ് പ്രസീദ് പറയുന്നത്. മുന്‍വര്‍ഷങ്ങളിലും വിവിധ രൂപങ്ങള്‍ നെല്‍വയലില്‍ പ്രസീദ് ഒരുക്കിയിരുന്നു.