കൊവിഡ് വ്യാപനത്തോടെ സാനിറ്റൈസറും മാസ്‌ക്കുമെല്ലാം നിത്യജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. എന്നാല്‍ ആല്‍ക്കഹോള്‍ സാന്നിധ്യമുള്ള ഹാന്‍ഡ് സാനിറ്റൈസറുകള്‍ ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ തന്നെ പറയുന്നത്. ചിലരില്‍ ഇത് അലര്‍ജിക്കും കാരണമാകും.
ഇപ്പോഴിതാ, വെള്ളത്തില്‍ നിന്നും സാനിറ്റൈസര്‍ നിര്‍മിച്ചിരിക്കുകയാണ് ഭുവനേശ്വര്‍ ആസ്ഥാനമായുള്ള സെന്‍ട്രല്‍ സാള്‍ട്ട് ആന്‍ഡ് മറൈന്‍ കെമിക്കല്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സിഎസ്എംസിആര്‍ഐ). കൊറോണ വൈറസിനെ മാത്രമല്ല, അപകടകരമായ ഒന്‍പത് വൈറസുകളെ തടയാനും വെള്ളം കൊണ്ട് നിര്‍മിച്ച ഈ സാനിറ്റൈസറിനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സാനിറ്റൈസറിന്റെ ഗുണനിലവാരം ഫരിദാബാദ് ആസ്ഥാനമായുള്ള ട്രാന്‍സലേഷനല്‍ ഹെല്‍ത്ത് സയന്‍സ് ആന്‍ഡ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് (ടിഎച്ച്എസ്ടിഐ) ഉറപ്പുവരുത്തിയിട്ടുണ്ട്. വൈകാതെ തന്നെ സാനിറ്റൈസര്‍ വിപണിയില്‍ ലഭ്യമായിതുടങ്ങുമെന്നാണ് വിവരങ്ങള്‍. സാങ്കേതികവിദ്യ രണ്ട് സ്റ്റാര്‍ട്ട്അപ്പുകളുമായി കൈമാറാന്‍ നിലവില്‍ ധാരണാപത്രം ഒപ്പിട്ടുകഴിഞ്ഞു.
ആല്‍ക്കഹോള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന സാനിറ്റൈസറുകള്‍ അമിതമായി ഉപയോഗിക്കുന്നത് ചിലരില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം. കണ്ണുകള്‍ക്ക് അസ്വസ്ഥത, ഛര്‍ദ്ദി, തലവേദന അടക്കമുള്ളവ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മാത്രമല്ല, തീയുടെ അടുത്ത് ഉപയോഗിച്ചാല്‍ തീപടരുന്നതിനും സാധ്യതയുണ്ട്. വെള്ളം കൊണ്ട് തയാറാക്കുന്ന സാനിറ്റൈസറിന് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്ന് സിഎസ്എംസിആര്‍ഐ ഡയറക്ടര്‍ ഡോ. കണ്ണന്‍ ശ്രീനിവാസന്‍ പറഞ്ഞു.