സൗദിയിലെ പച്ചക്കറി മാര്‍ക്കറ്റില്‍ നിന്ന് 48 ടണ്‍ അഴുകിയ ഉല്‍പ്പന്നങ്ങള്‍ അധികൃതർ പിടിച്ചെടുത്തു
സൗദി അറേബ്യയിലെ ജിദ്ദയില്‍ അല്‍സ്വഫാ ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ പച്ചക്കറി മാര്‍ക്കറ്റില്‍ നിന്ന് ജിദ്ദ നഗരസഭ പിടിച്ചെടുത്തത് 48 ടണ്ണിലേറെ ഉല്‍പ്പന്നങ്ങള്‍. ഉപയോഗശൂന്യമായ 10,108 കിലോ പച്ചക്കറികളും പഴവര്‍ഗങ്ങളും നിയമം ലംഘിച്ച് വില്‍പ്പനയ്ക്ക് വെച്ച 38,657 കിലോ മറ്റ് ഭക്ഷ്യവസ്തുക്കളുമാണ് പിടിച്ചെടുത്തത്. കേടായ സാധനങ്ങള്‍ നശിപ്പിച്ചു.
ഉപയോഗ യോഗ്യമായ ഭക്ഷ്യവസ്തുക്കള്‍ നിര്‍ധനര്‍ക്ക് വിതരണം ചെയ്യുന്നതിനായി സന്നദ്ധ സംഘടനയ്ക്ക് കൈമാറി. ഈ വര്‍ഷം മൂന്നാ പാദത്തില്‍ സെന്‍ട്രല്‍ പച്ചക്കറി മാര്‍ക്കറ്റ് പ്രദേശത്തെ 448 സ്ഥാപനങ്ങളിലാണ് ജിദ്ദ നഗരസഭ പരിശോധന നടത്തിയത്. 71 നിയമലംഘനങ്ങളാണ് പരിശോധനയില്‍ കണ്ടെത്തിയത്. ആരോഗ്യ സുരക്ഷാ നിര്‍ദ്ദേശങ്ങളും കൊവിഡ് മുന്‍കരുതല്‍ നടപടികളും പൂര്‍ണമായും പാലിച്ചുകൊണ്ടാണോ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയ്ക്ക് വെക്കുന്നതെന്ന് കണ്ടെത്താന്‍ സെന്‍ട്രല്‍ മാര്‍ക്കറ്റ് ഏരിയയില്‍ പരിശോധന തുടരുകയാണ്.