തദ്ദേശ തെരഞ്ഞെടുപ്പിന് നാമനിര്‍ദേശപത്രികാ സമര്‍പ്പണം ഇന്ന് മുതല്‍.

0

ഈ മാസം 19 വരെ പത്രിക സമര്‍പ്പിക്കാം. ഭരണ സമിതികളുടെ കാലാവധി കഴിഞ്ഞതോടെ ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ ഉദ്യോഗസ്ഥ ഭരണത്തിലായി.

സ്ഥാനാര്‍ത്ഥികള്‍ക്ക് ഇന്ന് മുതല്‍ പത്രിക സമര്‍പ്പിക്കാം. ഈ മാസം 19 വരെ അവധി ദിവസങ്ങളില്‍ ഒഴികെ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു മണി വരെയാണ് പത്രികാ സമര്‍പ്പണത്തിനുള്ള സമയം. ഇരുപതിന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തും.

സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി 23 ആണ്. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഡിസംബര്‍ എട്ടിനാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ്. ഡിസംബര്‍ പത്തിന് കോട്ടയം , എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കും. ഡിസംബര്‍ പതിനാലിനാണ് മൂന്നാം ഘട്ടം. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് അവസാന ഘട്ടം. ഡിസംബര്‍ 16 ന് വോട്ടെണ്ണല്‍ നടക്കും. പുതിയ ഭരണസമിതികള്‍ ഡിസംബര്‍ 23 ന് മുമ്പ് അധികാരമേല്‍ക്കും. അതുവരെ ഉദ്യോഗസ്ഥ ഭരണം തുടരും. കോര്‍പ്പറേഷനുകളുടേയും ജില്ലാ പഞ്ചായത്തുകളുടെ ചുമതല ജില്ലാ കളക്ടര്‍മാര്‍ക്കാണ്.

പത്രികാ സമര്‍പ്പണം: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

* നോമിനേഷന്‍ സമര്‍പ്പിക്കുന്നതിന് സ്ഥാനാര്‍ത്ഥിയോ നിര്‍ദ്ദേശകനോ ഉള്‍പ്പടെ 3 പേരില്‍ കൂടാന്‍ പാടില്ല.

* നോമിനേഷന്‍ സമര്‍പ്പിക്കാന്‍ വരുന്ന ഒരു സ്ഥാനാര്‍ത്ഥിക്ക് ഒരു വാഹനം മാത്രം.

* സ്ഥാനാര്‍ത്ഥിയോടൊപ്പം ആള്‍ക്കൂട്ടമോ ജാഥയോ വാഹന വ്യൂഹമോ പാടില്ല.

*നോമിനേഷന്‍ സമര്‍പ്പിക്കുന്നവര്‍ ഹാളില്‍ പ്രവേശിക്കുന്നതിന് മുമ്പ് കൈ സോപ്പ് ഉപയോഗിച്ച് കഴുകുകയോ സാനിറ്റൈസര്‍ ഉപയോഗിക്കുകയോ വേണം.
ന്മ നോമിനേഷന്‍ സമര്‍പ്പിക്കുമ്പോള്‍ സാമൂഹ്യ അകലം പാലിക്കുകയും മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കുകയും വേണം.

*ഒരു സമയം ഒന്നിലധികം സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിക്കുന്നതിന് . വരുന്ന പക്ഷം മറ്റുള്ളവര്‍ക്ക് സാമൂഹ്യ അകലം പാലിച്ച് വിശ്രമിക്കുന്നതിന് വേറെ ഹാളില്‍ സൗകര്യം ഒരുക്കും.

*വരണാധികാരി, ഉപ വരണാധികാരി പത്രിക സ്വീകരിക്കുന്ന വേളയില്‍ നിര്‍ബന്ധമായും മാസ്‌ക്, കൈയുറ, ഫെയ്സ് ഷീല്‍ഡ് എന്നിവ ധരിക്കണം.

*ഓരോ സ്ഥാനാര്‍ത്ഥിയുടെയും നോമിനേഷന്‍ സ്വീകരിച്ചതിന് ശേഷം വരണാധികാരി, ഉപവരണാധികാരി സാനിറ്റൈസര്‍ ഉപയോഗിക്കണം.

*കണ്ടൈന്‍മെന്റ് സോണുകളിലുള്ളവരോ ക്വാറന്റൈനിലുള്ളവരോ മുന്‍കൂട്ടി അറിയിച്ച് വേണം നോമിനേഷന്‍ സമര്‍പ്പിക്കാന്‍ ഹാജരാകേണ്ടത്.

*വരണാധികാരികള്‍ അവര്‍ക്ക് പ്രത്യേക സമയം അനുവദിക്കേണ്ടതും ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കേണ്ടതുമാണ്.

*സ്ഥാനാര്‍ത്ഥി കോവിഡ് പോസിറ്റീവ് ആണെങ്കിലോ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശാനുസരണം നിരീക്ഷണത്തില്‍ ആണെങ്കിലോ നാമനിര്‍ദേശ പത്രിക നിര്‍ദേശകന്‍ മുഖേന സമര്‍പ്പിക്കേണ്ടതാണ്.

Leave A Reply

Your email address will not be published.

error: Content is protected !!