ബാലഭാസ്‌കറിന്റെമരണം: കലാഭവന്‍ സോബിയുടെ മൊഴി കള്ളമെന്ന് നുണ പരിശോധന ഫലം; വണ്ടി ഓടിച്ചിരുന്നത് ഡ്രൈവര്‍

0

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവന്‍ സോബി നല്‍കിയ മൊഴി കള്ളമാണെന്നു നുണ പരിശോധനാഫലം. അപകട സമയത്ത് സോബി കണ്ടതായി പറയുന്ന റൂബിന്‍ തോമസ് അന്ന് ബെംഗളൂരുവിലായിരുന്നു എന്ന് സിബിഐ കണ്ടെത്തി. സംഭവസ്ഥലത്ത് കള്ളക്കടത്ത് സംഘത്തെ കണ്ടുവെന്നാണ് സോബിയുടെ മൊഴി. ഇത് കൂടാതെ, ബാലഭാസ്കറിന്‍്റെ വണ്ടി അപകടത്തിന് മുന്‍പ് ആക്രമിക്കപെട്ടുവെന്ന വാദവും തെറ്റാണെന്നു അന്വേഷണ സംഘം കണ്ടെത്തി. വണ്ടി ഓടിച്ചിരുന്നത് ബാലഭാസ്‌കര്‍ ആയിരുന്നുവെന്ന ഡ്രൈവര്‍ അര്‍ജുന്‍്റെ മൊഴിയും കള്ളമാണെന്നു സിബിഐ അന്വേഷണത്തില്‍ വ്യക്തമായി.

അപകടത്തിന് പിന്നില്‍ കള്ളക്കടത്ത് സംഘമാണെന്നും ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന വണ്ടി അപകടത്തില്‍പെടുന്നതിന് മുന്‍പ് അക്രമിക്കപ്പെട്ടിരുന്നുവെന്നും അജ്ഞാതര്‍ വണ്ടിയുടെ ചില്ല് തകര്‍ത്തുവെന്നും സോബി മൊഴിയില്‍ പറഞ്ഞിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ ബാലഭാസ്കറിന്‍്റെ മാനേജര്‍ പ്രകാശ് തമ്ബി, വിഷ്ണു സോമസുന്ദരം എന്നിവര്‍ക്ക് ഇതുമായി എന്തെങ്കിലും തരത്തില്‍ ബന്ധമുണ്ടോ എന്നതും സിബിഐ പരിശോധിക്കുന്നുണ്ട്. കേസ് അന്വേഷണം അവസാനഘട്ടത്തിലാണെന്നും അധികൃതര്‍ വ്യക്തമാക്കി.

കലാഭവന്‍ സോബി, ഡ്രൈവര്‍ അര്‍ജുന്‍ അടക്കം നാല് പേരെയാണ് നുണ പരിശോധനയ്ക്ക് വിധേയരാക്കിയത്. ഡല്‍ഹിയില്‍ നിന്നും ചെന്നൈയില്‍ നിന്നുമെത്തിയ വിദഗ്ധരുടെ സംഘമാണ് ഇതിന് നേതൃത്വം നല്‍കിയത്.

2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം തിരുവനന്തപുരത്ത് മം​ഗലപുരത്തിന് സമീപം അപകടത്തില്‍പെട്ടത്. മകള്‍ തേജസ്വിനി ബാല സംഭവസ്ഥലത്ത് വെച്ച്‌ മരിച്ചു. തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും പരുക്കേറ്റ ബാലഭാസ്‌കര്‍ ഒക്ടോബര്‍ രണ്ടിന് മരിച്ചു. ഭാര്യ ലക്ഷ്മി ഒരുമാസത്തോളം ചികിത്സയിലായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!