ഷാര്‍ജയില്‍ രാജ്യാന്തര പുസ്തകോത്സവത്തിന് തുടക്കമായി
39-ാമത് ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിന് തുടക്കമായി. ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന മേള 11 ദിവസം നീണ്ടുനിൽക്കും. ‘ഷാര്‍ജയില്‍ നിന്ന് ലോകം വായിക്കുന്നു’ എന്ന പ്രമേയത്തില്‍ നടക്കുന്ന മേളയുടെ നടത്തിപ്പ് കൊവിഡ് പ്രതിരോധ പ്രോട്ടോക്കോൾ പാലിച്ചായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.പുസ്തകോത്സവത്തിന്റെ പ്രമേയം സൂചിപ്പിക്കും പോലെ ഇനിയുള്ള പതിനൊന്ന് ദിവസം ലോകം ഷാര്‍ജയില്‍ നിന്നും വായിക്കും. കൊവിഡിന്റെ പശ്ചാതലത്തില്‍ ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് ഓൺലൈനായും ഓഫ് ലൈനായുമായിരിക്കും മേളയുടെ നടത്തിപ്പ്. സാംസ്കാരിക പരിപാടി പൂർണമായും ഡിജിറ്റൽ ഫോർമാറ്റ് സ്വീകരിക്കുമെങ്കിലും പ്രസാധകർ ഷാർജ എക്സ്പോ സെന്ററില്‍ അണിനിരന്നുകളിഞ്ഞു. രാജ്യമെമ്പാടുമുള്ള പുസ്തക പ്രേമികൾക്ക് പുസ്‌തകങ്ങൾ വാങ്ങുവാന്‍ ഇത്തവണയും അവസരമുണ്ടാകുമെന്ന് ബുക്ക് അതോറിറ്റി പറഞ്ഞു. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ 3 മണിക്കൂർ വീതം ദിവസേന 4 ഘട്ടങ്ങളിൽ പ്രവേശനം അനുവദിക്കുകയുള്ളൂ.