സൗദി അറേബ്യയിൽ സ്‍പോൺസറുടെ അനുമതിയില്ലാതെ ജോലി മാറാം; നിയമത്തിൽ സമൂല മാറ്റം
സൗദി അറേബ്യയിൽ തൊഴിൽ നിയമത്തിൽ സമൂലം മാറ്റം പ്രഖ്യാപിച്ച് തൊഴിൽ മന്ത്രാലയം. നിലവിലെ കരാർ അവസാനിച്ചാൽ സ്‍പോൺസറുടെ അനുമതിയില്ലാതെ മറ്റൊരു സ്ഥാപനത്തിലേക്ക് തൊഴിലാളിക്ക് ജോലി മാറാൻ അനുവദിക്കുന്നതാണ് പുതിയ നിയമം. മാത്രമല്ല റീഎൻട്രി, ഫൈനൽ എക്സിറ്റ് നടപടികൾ സ്വയം നടത്താനും തൊഴിലാളിക്ക് കഴിയും. മുഴുവൻ വിദേശ തൊഴിലാളികൾക്കും നിയമം ബാധകമാണ്. പുതിയ നിയമം 2021 മാർച്ച് 14ന് നടപ്പാകും. പുതിയ തൊഴിൽ നിയമപ്രകാരം കരാർ അവസാനിച്ചാൽ തൊഴിലുടമയുടെ അനുമതിയില്ലാതെ മറ്റൊരു ജോലിയിലേക്ക് വിദേശ തൊഴിലാളിക്ക് മാറാൻ കഴിയും. സ്പോൺസറുടെ അനുവാദം തേടാതെ റീഎൻട്രിയിൽ രാജ്യത്തിന് പുറത്തുപോകാനും തൊഴിലാളിക്ക് കഴിയും. കരാർ കാലാവധി അവസാനിച്ചാൽ തൊഴിലുടമയുടെ അനുമതി തേടാതെ ഉടൻ ഫൈനൽ എക്സിറ്റ് വിസ നേടി നാട്ടിലേക്ക് മടങ്ങാനും സാധിക്കും.