കൊറോണ പ്രതിസന്ധി കഴിഞ്ഞെത്തുന്ന കുട്ടികളെ കാത്ത് ഓടപ്പള്ളം സ്‌കൂളില്‍ ഒരുങ്ങിയിരിക്കുന്നത് പുതിയൊരു അന്തരീക്ഷം. പൂക്കളും, ഔഷധ സസ്യങ്ങളും, ശലഭ പാര്‍ക്കുമൊക്കെയുള്ള ശലഭ വിദ്യാലയമായാണ് ഓടപ്പള്ളം ഗവ.ഹൈസ്‌കൂള്‍ മാറിയിരിക്കുന്നത്.
കുട്ടികള്‍ക്ക് ഏറ്റവും സന്തോഷം ലഭിക്കുന്ന ഇടമായി വിദ്യാലയത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ശലഭോദ്യാനവും ശലഭ പാര്‍ക്കും അത്യാകര്‍ഷകമായ സ്മാര്‍ട്ട് ക്ലാസ് റൂമുകളുമൊരുക്കി വിദ്യാലയത്തിന്റെ മുഖംതന്നെ മാറ്റിയിരിക്കുന്നത്.ആദ്യം വിദ്യാലയത്തില്‍ ശലഭങ്ങളെ ആകര്‍ഷിക്കുന്ന 32-ഓളം ചെടികള്‍ വെച്ചുപിടിപ്പിക്കുകയാണ് ചെയ്തത്. കൂടാതെ സംസ്ഥാന എക്സൈസ് വകുപ്പ് മന്ത്രി, ബീവറേജസ് കോര്‍പ്പറേഷന്റെ പൊതുനന്മ ഫണ്ടില്‍ ഉള്‍പ്പെടുത്തി നല്‍കിയ 5 ലക്ഷം രൂപ ഉപയോഗിച്ച് പ്രീ-പ്രമൈറി മുതല്‍ 4 വരെയുള്ള ക്ലാസ് മുറികള്‍ സ്മാര്‍ട്ട് ക്ലാസ്സ് മുറികളാക്കി മാറ്റി.
ഇതില്‍ ഓരോ ക്ലാസ്സിലേക്കും അനുയോജ്യമായ ചിത്ര ചുമരുകളും, ശിശുസൗഹൃദപരമായ സ്മാര്‍ട്ട് സീറ്റിങ്ങു കളു മാണ് ക്ലാസ് മുറികളില്‍ സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ ശലഭോദ്യാനത്തോട് ചേര്‍ന്ന് ശലഭ പാര്‍ക്കും കുട്ടികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഓടപ്പള്ളം ഗവ. ഹൈസ്‌കൂളിനെ ശലഭ വിദ്യാലയമാക്കാന്‍ കുട്ടികളും, രക്ഷിതാക്കളും, അധ്യാപ കരും പ്രദേശവാസികളുമാണ് പൂച്ചെടികള്‍ നല്‍കിയത്. സ്‌കൂളിനെ ഇത്തരത്തില്‍ മനോഹരമാക്കി തീര്‍ത്തത് പിറ്റിഎയുടെയും സ്‌കൂള്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പിന്റെയും അകമഴിഞ്ഞ സഹകരണവും കൂടിയാണെന്ന് അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു.