സ്വര്‍ണത്തിനും വാഹനങ്ങള്‍ക്കും ഗൃഹോപകരണങ്ങള്‍ക്കും അടക്കം വിലയേറിയ ഉല്‍പന്നങ്ങള്‍ക്കെല്ലാം നാളെ മുതല്‍ കേരളത്തില്‍ നേരിയ വിലക്കുറവ്. 2019 ഓഗസ്റ്റ് ഒന്നിന് കേരളത്തില്‍ മാത്രമായി ഏര്‍പ്പെടുത്തിയ ഒരു ശതമാനം പ്രളയ സെസ് പിന്‍വലിക്കുന്നതോടെയാണ് വില കുറയുന്നത്. ബില്‍ ചോദിച്ചു വാങ്ങി, അതില്‍ പ്രളയ സെസ് ചുമത്തിയിട്ടില്ലെന്ന് ഉപഭോക്താക്കള്‍ നാളെ മുതല്‍ ഉറപ്പാക്കണമെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍ദേശിച്ചു.
12%, 18%, 28% എന്നീ ജിഎസ്ടി നിരക്കുകളുള്ള ആയിരത്തോളം ഉല്‍പന്നങ്ങള്‍ക്ക് ഒരു ശതമാനവും സ്വര്‍ണത്തിനും വെള്ളിക്കും കാല്‍ ശതമാനവുമാണ് സെസ്. കാര്‍, ബൈക്ക്, ടിവി, റഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍, മൊബൈല്‍ ഫോണ്‍, സിമന്റ്, പെയിന്റ്, സ്വര്‍ണം, വെള്ളി, ലാന്‍ഡ് ഫോണ്‍, മൊബൈല്‍ ഫോണ്‍ റീചാര്‍ജ്, ഇന്‍ഷുറന്‍സ് പ്രീമിയം തുടങ്ങിയവയുടെ മേലുള്ള സെസ് ആണ് ഇല്ലാതാവുക.