മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ കുടുംബശ്രീ ജില്ലാമിഷന്‍ ജില്ലയില്‍ നടപ്പാക്കുന്ന തെരുവുനായ നിയന്ത്രണ പദ്ധതി ആനിമല്‍ ബെര്‍ത്ത് കണ്‍ട്രോളിന് ജില്ലയില്‍ തുടക്കമായി. പ്രത്യേകം പരിശീലനം നേടിയ കുടുംബശ്രീ പ്രവര്‍ത്തകര്‍ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. സുല്‍ത്താന്‍ ബത്തേരി ജില്ലാമൃഗസംരക്ഷണ പരിശീലന കേന്ദ്രം കോമ്പൗണ്ടില്‍ തീയേറ്ററിന്റെയും പദ്ധതിയുടെയും ഉദ്ഘാടനം ജില്ലാകളക്ടര്‍ ഡോ. അദീല അബ്ദുള്ള നിര്‍വ്വഹിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എബിസിക്കായി വകയിരുത്തിയ തുകയാണ് ഇതിനായി വിനിയോഗിക്കുക. ജില്ലയിലെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായക്കളുടെ വന്ധ്യകരണത്തിനായി ആരംഭിച്ച ആനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ പദ്ധതി ഇനിമുതല്‍ നടപ്പാക്കുന്നത് കുടുംബശ്രീ മുഖേനയാണ്.
വിവിധ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളും ജില്ലാ പഞ്ചായത്തും വകയിരുത്തിയ ഫണ്ട് ഉപയോഗിച്ചാണ് എബിസി നടപ്പാക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിനായി 15 കുടുംബശ്രീ പ്രവര്‍ത്തകരെ ഊട്ടിയില്‍ അയച്ച് തെരുവുനായകളെ പിടിക്കുന്നതിനും പരിപാലിക്കുന്നതി നുമുള്ള പരിശീലനവും നല്‍കി.
ഇവരായിരിക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിര്‍ദ്ദേശാനുസരണം മേഖലകളില്‍ തെരുവുനായക്കളെ പിടികൂടി ബത്തേരി ക്ലിനിക്കില്‍ എത്തിക്കുക.ഇതിനായി പ്രത്യേകം സജ്ജീകരിച്ച വാഹനങ്ങളും ഉപകരണങ്ങളും ഇവര്‍ക്കുണ്ട്.
ക്ലിനിക്കില്‍ എത്തിക്കുന്ന നായക്കളെ കുടുംബശ്രീ നിയമിച്ച വെറ്ററിനറി ഡോക്ടര്‍മാരാണ് വന്ധ്യകരണം നടത്തുക. ഒപ്പം പേവിഷബാധ വാക്സിനും കുത്തിവെക്കും. തുടര്‍ന്ന് മൂന്ന് ദിവസത്തെ നിരീക്ഷണത്തിനുശേഷം ഇവയെ പിടികൂടിയ പ്രദേശത്ത് തന്നെ തുറന്നുവിടും.
തുടക്കദിവസമായ ഇന്ന് ബത്തേരിയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും പിടികൂടിയ 25 നായക്കളെയാണ് വന്ധ്യകരണം നടത്തിയത്. ഉദ്ഘാടന ചടങ്ങില്‍ ജനപ്രതി നിധികളും കുടുംബശ്രീ ജില്ലാ ചെയര്‍പേഴ്സനും വെറ്ററിനറി ഡോക്ടര്‍മാരും സംബന്ധിച്ചു.