കുഴഞ്ഞുവീണ് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ മരിച്ചയാളുടെ സംസ്‌കാരത്തിനു പിന്നാലെ കോവിഡ് പരിശോധന ഫലം പോസിറ്റീവായി. കോവിഡ് മുന്നൊരുക്കമില്ലാതെ സംസ്‌ക്കാരം നടത്തിയതിനാല്‍ പങ്കെടുത്തവരെല്ലാം നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യ വകുപ്പ്.
അങ്ങാടിശേരി സ്വദേശി 16ന് വീട്ടില്‍ കുഴഞ്ഞ് വീണത് അറിഞ്ഞു പ്രദേശവാസികളാണു വാഹനം വിളിച്ച് ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. അവിടെയെത്തും മുന്‍പേ മരണം സംഭവിച്ചതായി ഡോക്ടര്‍ പറഞ്ഞു. കോവിഡ് പ്രാഥമിക പരിശോധന നെഗറ്റീവായിരുന്നു. അതിനാല്‍ പോസ്റ്റുമോര്‍ട്ടം കൂടാതെ 17നു രാവിലെ മൃതദേഹം വീട്ടു നല്‍കി. അന്നു വൈകിട്ട് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പിറ്റേന്ന് വൈകിട്ട് ആര്‍ടിപിസിആര്‍ പരിശോധന ഫലം വന്നപ്പോഴാണു പോസിറ്റീവാണെന്ന് അറിയുന്നത്.ഇന്നലെ രാവിലെ മുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സമ്പര്‍ക്കമുള്ളവരെ കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിച്ചു തുടങ്ങി. സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ബന്ധുക്കളും പ്രദേശവാസികളുമെല്ലാം ക്വാറന്റീനിലാണ്. അധികൃതരുടെ അനാസ്ഥയാണ് ഇതിനിടയാക്കിയതെന്ന് പ്രദേശവാസികള്‍ ആരോപിച്ചു