കരുതിയിരിക്കണം ബ്ലാക്ക്‌ ഫംഗസിനെ

0

അടുത്തകാലത്തായി വട്ടച്ചൊറിയുൾപ്പെടെയുള്ള പൂപ്പൽ (ഫംഗസ്) രോഗങ്ങൾ രാജ്യത്താകമാനം പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ, ഇന്ന് കോവിഡ് രോഗമുക്തരായ പ്രതിരോധശേഷി കുറഞ്ഞവരിൽ ബ്ലാക്ക് ഫംഗസ് (മ്യൂകോർമൈകോസിസ്) പടരുന്നതായാണ് കണ്ടുവരുന്നത്. രോഗം ബാധിച്ചവരിൽ 50 മുതൽ 85 ശതമാനം വരെ ചെറിയ കാലയളവിൽ മരണത്തിന് കീഴടങ്ങുന്നു. രോഗമുക്തരായി ജീവിതത്തിലേക്ക് തിരിച്ചുവരുന്നവരിൽ പലരും കടുത്ത വൈകല്യവുമായാണ് ശിഷ്ടകാലം കഴിയേണ്ടിവരുന്നത്.

സൂക്ഷ്മദർശിനിയിലൂടെ നോക്കുമ്പോൾ കറുത്ത നിറത്തിൽ കാണുന്നതിനാലാണ് ബ്ലാക്ക് ഫംഗസ് എന്ന പേര് ലഭിച്ചത്. വൈറസ് ബാധമൂലം കൃത്യമായ രീതിയിൽ പ്രവർത്തിക്കാത്ത വെളുത്ത രക്തകോശങ്ങളെയാണ് ബ്ലാക്ക് ഫംഗസ് ബാധിക്കുന്നത്. കോവിഡിൽ നിന്ന് രക്ഷപ്പെടുന്നതിന് അമിതമായി സ്റ്റിറോയ്ഡ് ഉപയോഗിക്കേണ്ടി വന്നവർക്കും ആശുപത്രി വാസത്തിനിടയിൽ മികച്ച പോഷകമൂല്യമുള്ള ഭക്ഷണം ലഭിക്കാത്തവർക്കും രോഗസാധ്യത കൂടുതലാണ്.

അടിയന്തര പ്രാധാന്യത്തോടെയുള്ള ചികിത്സയാണ് രോഗിക്ക് ഡോക്ടർമാർ നിർദേശിക്കുന്നത്. അതുകൊണ്ട് രോഗം സംശയിക്കപ്പെടുമ്പോൾ തന്നെ സ്ഥിരീകരണത്തിന് കാത്തു നിൽക്കാതെ ചികിത്സ തുടങ്ങുകയാണ് പതിവ്. ചികിത്സ 6 മാസം വരെ തുടരേണ്ടി വരും.

ശരീരത്തിൽ പൂപ്പൽ ഉണ്ടാക്കിയ ആഘാതത്തെ മരുന്നുകൊണ്ട് മാറ്റിയെടുക്കാനാകില്ല. രോഗം രക്തക്കുഴലുകളെ നശിപ്പിക്കുന്നത് കൊണ്ടാണിത്. രോഗം ബാധിച്ച കോശവും ഞരമ്പുകളും എല്ലും ശസ്ത്രക്രിയയിലൂടെ നീക്കലും തുടർ ചികിത്സയും മാത്രമാണ് രോഗിയെ രക്ഷിക്കാനുള്ള വഴി.
പൂപ്പൽ ബാധയെ തുടർന്ന് നശിച്ച ത്വക് കറുത്താണ് കാണുന്നത്. കണ്ണുമായി ബന്ധപ്പെട്ടുള്ള ഞരമ്പുകളെയാണ് പൂപ്പൽ ബാധിക്കുന്നതെങ്കിൽ കാഴ്ച നശിക്കും. പിന്നീട് രോഗം ബാധിക്കുന്നത് മൂക്കിന് ചുറ്റുമുള്ള സൈനസിനെയാണ്. അതുകഴിഞ്ഞ് തലയോട്ടിയുടെ മുൻഭാഗം നശിപ്പിച്ച് പൂപ്പൽ തലച്ചോറിലേക്ക് പ്രവേശിക്കുന്നതോടെയാണ് മരണം സംഭവിക്കുന്നത്.

ആരൊക്കെ ശ്രദ്ധിക്കണം

കോവിഡ് സുഖം പ്രാപിക്കുന്നവർ, പ്രമേഹരോഗികൾ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവരിൽ ഈ ഫംഗസ് എളുപ്പം പ്രവേശിക്കും. പ്രമേഹം നിയന്ത്രണവിധേയമാകാത്തവർ, സ്റ്റിറോയ്ഡ് ഉപയോഗംമൂലം പ്രതിരോധശേഷി കുറഞ്ഞവർ, ഡയാലിസിസിന് വിധേയരാകുന്നവർ, അർബുദത്തിനെതിരേയുള്ള മരുന്ന് കഴിക്കുന്നവർ, കൂടുതൽകാലം അത്യാഹിത വിഭാഗത്തിലും ആശുപത്രിയിലും കഴിഞ്ഞവർ, മറ്റു രോഗങ്ങളുള്ളവർ, ഗുരുതരമായ പൂപ്പൽബാധയ്ക്ക് ചികിത്സ തേടുന്നവർ തുടങ്ങിവർക്ക് ബ്ലാക്ക് ഫംഗസ് പടരാൻ സാധ്യതയേറെയാണ്.ലക്ഷണങ്ങൾ

നെറ്റി, മൂക്ക്, കവിൾ, കണ്ണുകൾ, പല്ല്, അണ്ണാക്ക് എന്നിവിടങ്ങളിൽ കറുത്ത പൊട്ടുപോലെയാണ് പൂപ്പൽബാധ ആദ്യം കാണുക. ചിലരിൽ ചെങ്കണ്ണ് പോലെയും കൺപോളകളിൽ നീർക്കെട്ട് പോലെയും പ്രത്യക്ഷപ്പെടാം. കടുത്ത വേദനയോടെ കണ്ണ് ചലിപ്പിക്കാനാകാത്തതും പെട്ടെന്ന് കാഴ്ച മങ്ങുന്നതും ലക്ഷണങ്ങളിൽ ചിലതാണ്. റെറ്റിനയിൽ ചുവന്ന തടിപ്പുകളും തുടക്കത്തിൽ കാണാറുണ്ട്. കടുത്ത ദുർഗന്ധത്തോടെ രക്തത്തിന്റെ സാന്നിധ്യത്തോടെയുമുള്ള മൂക്കൊലിപ്പിനും സാധ്യതയുണ്ട്. പല്ല് കൊഴിയാനും ഇടയുണ്ട്. മൂക്കിനുചുറ്റും നിറവ്യത്യാസം സംഭവിക്കുകയോ കാഴ്ച മങ്ങുകയോ ചെയ്താൽ ഉടൻ വൈദ്യസഹായം തേടണം. നെഞ്ചുവേദന, ശ്വാസതടസ്സം, ചുമച്ച് ചോര തുപ്പൽ എന്നിവയും ലക്ഷണങ്ങളാണ്.

മണ്ണിൽനിന്ന് മനുഷ്യനിലേക്ക്

മണ്ണിലാണ് സാധാരണഗതിയിൽ ബ്ലാക് ഫംഗസ് കഴിയുന്നത്. അതുകൊണ്ട് കോവിഡ് മുക്തരായ കർഷകർക്കും കാർഷിക ജോലികളിൽ ഏർപ്പെടുന്നവർക്കുമാണ് രോഗ സാധ്യത ഏറെയുള്ളത്. ശുദ്ധമായ സാഹചര്യത്തിൽ വീട്ടിൽ കഴിയുന്നതാണ് ബ്ലാക്ക് ഫംഗസ് ബാധയിൽനിന്ന് രക്ഷപ്പെടാനുള്ള ഏറ്റവും നല്ല വഴി.

 

Leave A Reply

Your email address will not be published.

error: Content is protected !!