വെറ്ററിനറി പോളിക്ലിനിക്കുകളില്‍ ഇനി 24 മണിക്കൂര്‍ സേവനം

0

ജില്ലയില്‍ മൃഗ സംരക്ഷണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി വെറ്ററിനറി പോളിക്ലിനിക്കുകളില്‍ ഇനി മുതല്‍ 24 മണിക്കൂര്‍ സേവനം ലഭ്യമാവും. പോളിക്ലിനിക്കുകളുടെ സംസ്ഥാന തല ഉദ്ഘാടനം വനം – മൃഗസംരക്ഷണം – ക്ഷീര വികസനം – മൃഗശാല വകുപ്പ് മന്ത്രി കെ. രാജു വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചു.മൃഗസംരക്ഷണ വകുപ്പില്‍ സമഗ്രമായ മാറ്റം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് വെറ്ററിനറി ക്ലിനിക്കുകളുടെ സേവനം 24 മണിക്കൂറായി ഉയര്‍ത്തിയത്. ക്ഷീര കര്‍ഷകര്‍ക്ക് കൈത്താങ്ങാവാന്‍ പദ്ധതിയിലൂടെ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രളയം, കോവിഡ് എന്നീ പ്രതിസന്ധികളില്‍ ക്ഷീര കര്‍ഷകര്‍ക്ക് നിരവധി ധനസഹായമാണ് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. പ്രളയക്കെടുതി അനുഭവിച്ച കര്‍ഷകര്‍ക്ക് 21 കോടി രൂപയാണ് അനുവദിച്ചത്. കൂടാതെ ജില്ലകള്‍ക്ക് പ്രത്യേക പരിഗണന നല്‍കി കൂടുതല്‍ പദ്ധതികളും ഈ മേഖലയില്‍ ആവിഷ്‌കരിച്ചുവെന്ന് മന്ത്രി പറഞ്ഞു.

മൃഗസംരക്ഷണ വകുപ്പില്‍ സാങ്കേതിക വളര്‍ച്ച ഉണ്ടായിട്ടുണ്ടെങ്കിലും സംവിധാനത്തില്‍ മാറ്റമില്ലാത്ത സാഹചര്യത്തില്‍ വകുപ്പില്‍ സമഗ്രമായ പുന:സംഘടന ഉടന്‍ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. പാലുത്പാദനത്തില്‍ സ്വയം പര്യാപ്തത നേടാനും സംസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയില്‍ പുതിയ സംരംഭകര്‍ക്ക് മേഖലയിലേക്ക് കടന്നു വരാന്‍ സഹായകമാകുന്ന തരത്തില്‍ നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി കര്‍ഷകര്‍ക്ക് 1000 കോഴികളെയും 20 പശുക്കളെയും വരെ വളര്‍ത്താന്‍ ഇനി മുതല്‍ ലൈസന്‍സ് ആവശ്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് 27 വെറ്ററിനറി ക്ലിനിക്കുകളാണ് ആരംഭിച്ചത്. മൂന്ന് ഷിഫ്റ്റുകളായാണ് ഇവിടങ്ങളില്‍ ജീവനക്കാര്‍ പ്രവര്‍ത്തിക്കുക. രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയും, ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി എട്ട് വരെയും, രാത്രി എട്ട് മുതല്‍ രാവിലെ എട്ട് വരെയുമാണ് ഷിഫ്റ്റ്.

ജില്ലയില്‍ സുല്‍ത്താന്‍ വെറ്ററിനറി പോളി ക്ലിനിക്കിന്റെ പദ്ധതി പ്രവര്‍ത്തന ഉദ്ഘാടനം ബത്തേരി നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ജിഷ ഷാജി നിര്‍വ്വഹിച്ചു. അള്‍ട്രാ സൗണ്ട് സ്‌കാനറിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശി ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ. സഹദേവന്‍ അധ്യക്ഷത വഹിച്ചു. സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. സി. ആരിഫ്, ഫീല്‍ഡ് ഓഫീസര്‍ ജെയിംസ് മാത്യൂ, നഗരസഭ ഡിവിഷന്‍ മെമ്പര്‍ രാജേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!