കിണര്‍ ഇടിഞ്ഞു താഴ്ന്നു.
വെള്ളമുണ്ട പഞ്ചായത്തിലെ കരിങ്ങാരി കാപ്പും കുന്നില്‍ മുപ്പതോളം കുടുംബങ്ങള്‍ ഉപയോഗിച്ചു വന്നിരുന്ന പൊതുകിണര്‍ താഴ്ന്നമര്‍ന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് കിണറിന്റെ ആള്‍ മറയുള്‍പ്പെടെ താഴന്നു പോയത്.
നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കിയ കിണറാണ് കാലവര്‍ഷത്തില്‍ ഭൂമിക്കടിയിലേക്ക് താഴന്നുപോയത്. ചെത്തുകല്ലുപയോഗിച്ച് കെട്ടിയുയര്‍ത്തിയ കിണറിനെയാണ് കാപ്പും കുന്നു പണിയ കോളനിയിലേതുള്‍പ്പെടെയുള്ള നിരവധി കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കിണറിനുള്ളില്‍ ചെറിയ റിംഗുകളിറക്കി ജല ലഭ്യത ഉറപ്പാക്കിയിരുന്നു.ഇരുപത് മീറ്ററോളം ആഴമുള്ള കിണര്‍ ഇന്നലെ വൈകുന്നേരം പൊടുന്നനെ ഭൂമിക്കടിയിലേക്ക് താഴ്ന്നമരുകയായിരുന്നു. ഈ സമയത്ത് വെള്ളമെടുക്കാനായി കിണറിന്റെ കരയില്‍ ആളില്ലാത്തതിനെ തുടര്‍ന്ന് വന്‍ അപകടം ഒഴിവാവുകയായിരുന്നു. കിണര്‍ അമര്‍ന്നതോടെ കോളനി നിവാസികള്‍ക്ക് ഒരു കിലോമീറ്ററോളം ദൂരെ നിന്നും നടന്നുവേണം കുടിവെള്ളം ശേഖരിക്കാന്‍. പ്രദേശത്ത് നടപ്പിലാക്കുമെന്നറിയിച്ചിരുന്ന ജലനിധി പദ്ധതി പ്രകാരമുള്ള കുടിവെള്ള വിതരണവും ഇതുവരെ ആരംഭിച്ചിട്ടില്ല.