തരുവണക്കാരുടെ മലായിക്ക ഓര്‍മ്മയായി

0

തരുവണക്കാരുടെ മലായിക്കയായി ടൗണില്‍ നിറഞ്ഞു നിന്നിരുന്ന പള്ളിയാല്‍ കോളനിയിലെ മലായി ഓര്‍മ്മയായി.നൂറ് വയസ്സ് പിന്നിട്ട മലായി ടൗണിലെത്തിയാല്‍ എല്ലാവര്‍ക്കും മലായിക്കയാണ്.എല്ലാവരോടും നല്ല ചങ്ങാത്തം.പീടികത്തിണ്ണയിലിരുന്ന് മുറുക്കാന്‍ (വെറ്റില അടക്ക)ഇടിച്ച് പല്ലുകള്‍ കൊഴിഞ്ഞ വായിലിട്ട് ചവച്ച് നാട്ടുകാരുമായി ഏറെ നേരം കുശലം പറയും.മരണശേഷം നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു

ഏതാനും മാസങ്ങള്‍ മുമ്പ് വരെ സ്വന്തമായി അധ്വാനിച്ച് ജീവിതം.കോളനികളില്‍ മദ്യ ഉപഭോഗം വര്‍ദ്ധിച്ചിട്ടും മരണം വരെ മദ്യത്തിന്റെ രുചിയറിയാത്ത ജീവിതശൈലി.

കോവിഡ് നിയന്ത്രണങ്ങള്‍ക്ക് മുമ്പ് വരെ ആരോഗ്യത്തോടെ തരുവണ ടൗണിലൂടെ നടന്നിരുന്ന മലായിക്ക് വാര്‍ദ്ധക്യസഹജമായ രോഗങ്ങള്‍ പോലും കുറവായിരുന്നു.

ടൗണിലേക്ക് വരാന്‍പാടില്ലെന്ന് പല തവണ പോലീസ് നിര്‍ദ്ദേശം നല്‍കിയതിനെതുടര്‍ന്ന് ഏതാനും ആഴ്ചകളായി കോളനിയില്‍ തന്നെകഴിയുകയായിരുന്നു. ഒരിക്കല്‍ പോലും സമ്മതിദാനാവകാശം നഷ്ടപ്പെടുത്താത്ത മലായി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും വോട്ടുചെയ്തിരുന്നു.ആറ് മക്കളോടൊപ്പം സന്തുഷ്ട ജീവിതമായിരുന്നു മലായിയുടേത്.

Leave A Reply

Your email address will not be published.

error: Content is protected !!