അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനത്തില്‍ ദുരന്ത നിവാരണത്തിന് ജനകീയ പദ്ധതിയുമായി വയനാട് ജില്ലാ ഭരണകൂടം മാതൃകയാവുന്നു. കേരളത്തില്‍ ആദ്യമായി ഒരു ജില്ല സമ്പൂര്‍ണ്ണമായി വിഭവ- ദുരന്ത മാപ്പിംഗ് തയ്യാറാക്കുന്ന തിനുള്ള പദ്ധതി ജില്ലയില്‍ നാളെ ആരംഭിക്കും. ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വീടുകള്‍, റോഡുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, ജല സ്രോതസ്സുകള്‍, കാട്, മലകള്‍, ദുരന്ത സാധ്യതയുള്ള പ്രദേശങ്ങള്‍ തുടങ്ങിയവ മാപ്പത്തോണ്‍ കേരളം എന്ന ഓപ്പണ്‍ സ്ട്രീറ്റ് മാപ്പിംഗ് വഴി അടയാളപ്പെടുത്തും.ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സാങ്കേതിക വിദ്യയുടെ സഹായം ലഭ്യമാക്കി കൂടുതല്‍ കരുത്തു നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ദുരന്ത സമയങ്ങളില്‍ രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ ക്യാമ്പുകളുടെ അടിയന്തിര പ്രവര്‍ത്തനവും ഇതിലൂടെ കൂടുതല്‍ കാര്യക്ഷമമാക്കുവാന്‍ സാധിക്കും.
അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് വൈകീട്ട് 7 മണിക്ക് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള ദുരന്ത ലഘൂകരണ പ്രതിജ്ഞ ചൊല്ലി കൊടുക്കും. ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പേജില്‍ ചടങ്ങ് ലൈവായി ഉണ്ടായിരിക്കും. ഇന്റര്‍ ഏജന്‍സി ഗ്രൂപ്പിന്റെ (IAG) നേതൃത്വത്തില്‍ ജില്ലയിലെ ഒരു ലക്ഷത്തിലധികം ആളുകള്‍ സ്വന്തം വീടുകളില്‍ നിന്ന് പ്രതിജ്ഞ ഏറ്റു ചൊല്ലുകയും പദ്ധതിയില്‍ പങ്കാളികളാവുകയും ചെയ്യും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഫേസ്ബുക്ക് പേജിലും പ്രതിജ്ഞ ലൈവായി സംപ്രേഷണം ചെയ്യും.