ഓണം പ്രമാണിച്ച് സർക്കാർ അനുവദിച്ചിട്ടുള്ള സ്പെഷ്യൽ അരിയുടെ വിതരണം നാളെ മുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി ആർ അനില്‍ അറിയിച്ചു. വെള്ള, നീല കാർഡുടമകൾക്ക് 10.90 രൂപ നിരക്കിൽ അഞ്ച് കിലോ വീതം സ്പെഷ്യൽ പുഴുക്കലരി വിതരണം ചെയ്യുന്നതാണെന്നും മന്ത്രി അറിയിച്ചു.
അതേസമയം, കണ്‍സ്യൂമര്‍ഫെഡിന്‍റെ ഓണച്ചന്തകള്‍ക്ക് ഈ മാസം 19ന് തുടക്കമാകും. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ സാധാരണക്കാരന് കിട്ടുന്ന തരത്തിലാണ് ചന്തകള്‍ ക്രമീകരിച്ചിരിക്കുന്നത്. തിരക്ക് ഒഴിവാക്കുന്നതിനുള്ള ക്രമീകരണങ്ങളും ചന്തകളില്‍ ഏര്‍പ്പെടുത്തുമെന്ന് കണ്‍സ്യൂമര്‍ഫെഡ് അധികൃതര്‍ അറിയിച്ചു.
പൊതുവിപണിയില്‍ വിലക്കയറ്റം രൂക്ഷമായതിന് പുറമേ സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ സബ്സിഡി ഇനങ്ങള്‍ കിട്ടാനില്ലെന്ന വ്യാപക പരാതി കൂടി ഉയരുമ്പോഴാണ് കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകളുമായി എത്തുന്നത്. സംസ്ഥാന വ്യാപകമായി 1500 ഓണച്ചന്തകളാണ് ഈ മാസം 19 മുതല്‍ പ്രവര്‍ത്തനം തുടങ്ങുക. സര്‍ക്കാര്‍ സബ്സിഡിയോടെ 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സപ്ലൈകോയിലെ അതേ വിലയില്‍ സാധാരണക്കാരന് ലഭ്യമാകും.
നോണ്‍ സബ്സിഡി സാധനങ്ങള്‍ക്ക് പൊതു വിപണിയേക്കാള്‍ പത്ത് മുതല്‍ നാല്‍പ്പത് ശതമാനം വരെ വിലക്കുറവുണ്ടാകും. സാധനങ്ങള്‍ക്ക് ദൗര്‍ലഭ്യം നേരിടുന്ന സ്ഥിതി ഓണച്ചന്തകളിലുണ്ടാകില്ലെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് പറഞ്ഞു. തിരക്ക് നിയന്ത്രിക്കാനായി വിപണന കേന്ദ്രങ്ങളില്‍ മുന്‍കൂര്‍ കൂപ്പണുകള്‍ നല്‍കും.കണ്‍സ്യൂമര്‍ഫെഡിന്‍റെ ത്രിവേണി സ്റ്റോറുകള്‍,ജില്ലാ മൊത്ത വ്യാപാര സഹകരണ സ്റ്റോറുകള്‍,പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ എന്നിവ മുഖനയാണ് ചന്തകള്‍ പ്രവര്‍ത്തിക്കുക. ഓണക്കാലത്ത് 200 കോടി രൂപയുടെ വില്‍പ്പനയാണ് കണ്‍സ്യൂമര്‍ഫെഡ് ലക്ഷ്യമിടുന്നത്. ഓണച്ചന്തകളുടെ സംസ്ഥാന തല ഉദ്ഘാടനം ഈ മാസം 20ന് കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.