ജില്ലയിലെ 16 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ശുചിത്വ പദവിയില്‍ പ്രഖ്യാപനം മുഖ്യമന്ത്രി നിര്‍വഹിച്ചു

0

ജില്ലയിലെ 16 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ശുചിത്വ പദവി നേടി. 14 ഗ്രാമ പഞ്ചായത്തുകളും 2 നഗരസഭകളുമാണ് പദവിക്ക് അര്‍ഹമായത്. ശുചിത്വ പദവി പ്രഖ്യാപനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ അധ്യക്ഷത വഹിച്ചു.

വിവിധ മേഖലകളില്‍ ഒട്ടേറെ ചുമതലകള്‍ വഹിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രാഥമിക ചുമതല ശുചിത്വം ഉറപ്പ് വരുത്തുകയാണ്. ഹരിത കേരള മിഷന്റെ സഹായത്തോടെ തദ്ദേശ സ്ഥാപനങ്ങള്‍ അവരുടെ ചുമതല കൃത്യമായി പാലിച്ച് ശുചിത്വ പദവി നേടിയത് അഭിനന്ദനാര്‍ഹമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യക്തിശുചിത്വം പാലിക്കാറുള്ള മലയാളികള്‍ പരിസര ശുചിത്വം പാലിക്കുന്നതില്‍ ബോധവാന്മാരല്ല. അതിനാല്‍ പലയിടങ്ങളിലും മാലിന്യം കുന്ന് കൂടുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാറിന്റെ നവ കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹരിത കേരള മിഷന്‍ രൂപീകരിച്ചത്. തദ്ദേശ സ്ഥാപനങ്ങളുടെയും നാട്ടുകാരുടെയും പൂര്‍ണ്ണ പങ്കാളിത്തത്തോടെ നാടിന്റെയും ജലസ്രോതസ്സുകളുടെയും ശുചിത്വമാണ് മിഷന്‍ ലക്ഷ്യമിട്ടത്.
സംസ്ഥാനത്തെ 501 ഗ്രാമപഞ്ചായത്തുകളും 58 നഗരസഭകളും 30 ബ്ലോക്ക് പഞ്ചായത്തുകളും ശുചിത്വ പദവി കൈവരിച്ചതോടെ ഹരിതകേരള മിഷന്‍ ലക്ഷ്യപ്രാപ്തിയിലെത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹരിതകേരള മിഷന്‍, ശുചിത്വ മിഷന്‍, കുടുംബശ്രീ മിഷന്‍, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഹരിത കര്‍മ്മസേന, ക്ലീന്‍ കേരള കമ്പനി എന്നിവയുടെ സഹകരണത്തോടെ പ്രതികൂല സാഹചര്യങ്ങള്‍ മറികടന്നാണ് ഒരോ തദ്ദേശ സ്ഥാപനവും ഈ പദവി നേടിയെടുത്തത്. മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളെയും ശുചിത്വ പദവിയിലെത്തിക്കുക, ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളെയും സമ്പൂര്‍ണ്ണ ശുചിത്വ പദവിയിലെത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ജില്ലയിലെ മീനങ്ങാടി, എടവക, പുല്‍പ്പള്ളി, വെങ്ങപ്പള്ളി, മുട്ടില്‍, തരിയോട്, പടിഞ്ഞാറത്തറ, കോട്ടത്തറ, പൊഴുതന, വൈത്തിരി, മൂപ്പൈനാട്, തൊണ്ടര്‍നാട്, മേപ്പാടി, പൂതാടി എന്നീ ഗ്രാമപഞ്ചായത്തുകളും സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ എന്നീ നഗരസഭകളുമാണ് പദവിക്ക് അര്‍ഹമായത്. കൃത്യമായ പരിശോധനയുടെ അടിസ്ഥാനത്തില്‍ 100 ല്‍ 61 ന് മുകളില്‍ മാര്‍ക്ക് ലഭിച്ച 16 തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് പദവി ലഭിച്ചത്. ജില്ലയില്‍ മീനങ്ങാടി ഗ്രാമപഞ്ചായത്താണ് കൂടുതല്‍ മാര്‍ക്ക് നേടിയത്.

Leave A Reply

Your email address will not be published.

error: Content is protected !!