കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ഉദ്ഘാടനം; ചടങ്ങ് പൂര്‍ത്തിയാകും മുമ്പ് കട പൂട്ടിച്ച് ദുബൈ അധികൃതര്‍
കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കട ഉദ്ഘാടനത്തിന് ആള് കൂടിയതോടെ ശക്തമായ നടപടിയെടുത്ത് ദുബൈ അധികൃതര്‍. വിപുലമായി സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങളില്‍ സാമൂഹിക അകലം പാലിക്കാതെ അമിതമായി ആളുകൂടിയതോടെയാണ് ദുബായ് ഇക്കണോമി അധികൃതര്‍ സ്ഥാപനം തന്നെ പൂട്ടിച്ചത്. ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു നടപടി.കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി ഏര്‍പ്പെടുത്തിയ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഒരു സ്ഥാപനം അടച്ചുപൂട്ടുകയും 10 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്‍തതായി ദുബായ് ഇക്കണോമി അധികൃതര്‍ വെള്ളിയാഴ്‍ച പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. പരിശോധനയില്‍ 581 സ്ഥാപനങ്ങള്‍ എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിച്ച് പ്രവര്‍ത്തിക്കുന്നതായും കണ്ടെത്തി. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങളില്‍ വീഴ്‍ച വരുത്തുന്ന വാണിജ്യ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ദുബൈ കണ്‍സ്യൂമര്‍ ആപ് വഴി റിപ്പോര്‍ട്ട് ചെയ്യണമെന്ന് പൊതുജനങ്ങളോടും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.