കെഎസ്ഇബി ജീവനക്കാര്‍ ഇന്ന് പണിമുടക്കും

0

വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ ഇന്ന് പണിമുടക്കും. അവശ്യസേവനങ്ങള്‍ മാത്രമാണ് ഇന്ന് പ്രവര്‍ത്തിക്കുക. വൈദ്യുതി ഭേദഗതി പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. നിയമഭേദഗതിയില്‍ നിന്ന് പിന്മാറണമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയും കേന്ദ്രത്തോട് ആവശ്യപ്പെട്ടു.കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് നടക്കുന്ന രാജ്യവ്യാപക പണിമുടക്കിന്റെ ഭാഗമായാണ്, കെഎസ്ഇബി ജീവനക്കാരും സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ പണിമുടക്കുന്നത്. ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ഇന്ന് ജോലി ബഹിഷ്‌കരിച്ച് തെരുവിലിറങ്ങാനാണ് സമരസമിതിയുടെ തീരുമാനം. നാഷ്ണല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്‍ഡ് എഞ്ചിനിയേഴ്സിന്റെ നേതൃത്വത്തിലാണ് പണിമുടക്ക് സംഘടിപ്പിക്കുന്നത്.സ്വകാര്യ കമ്പിനികള്‍ക്ക് വൈദ്യുതി വിതരണത്തിന് അനുവാദം നല്‍കുന്നതിലൂടെ പൊതുമേഖല സ്ഥാപനങ്ങളെ തകര്‍ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നാണ് തൊഴിലാളി സംഘടനകളുടെ വിമര്‍ശനം. ബിഎംഎസ് ഒഴികെയുള്ള സംഘനകള്‍ പ്രതിഷേധ നിരയിലുണ്ട്. കേരളത്തിലും വൈദ്യുതി ഉല്‍പാദനം, വിതരണം, അറ്റകുറ്റപ്പണി, ബില്ലിംഗ് തുടങ്ങിയ ജോലികള്‍ എല്ലാം തടസപ്പെടും. അടിയന്തര സേവനങ്ങള്‍ മാത്രം ലഭ്യമാകുകയുള്ളൂ. സെഷന്‍ ഓഫീസുകളും ഡിവിഷന്‍ ഓഫീസുകളും കേന്ദ്രീകരിച്ച് ധര്‍ണ സംഘടിപ്പിക്കും.ഭേദഗതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറിയില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് സംഘടനകളുടെ തീരുമാനം. സംയുക്ത കിസാന്‍ മോര്‍ച്ചയും പ്രക്ഷോഭത്തിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. ഒരു പ്രദേശത്ത് ഒന്നില്‍ കൂടുതല്‍ വിതരണ ഏജന്‍സികള്‍ക്ക് വൈദ്യുതി വിതരണ ലൈസന്‍സ് നല്‍കിയിട്ടുണ്ടെന്നും സംഘടനകള്‍ വിമര്‍ശനം ഉന്നയിക്കുന്നു. സ്ഥിതി രൂക്ഷമായാല്‍ ചെറുകിടകാര്‍ക്കും കര്‍ഷകര്‍ക്കുള്ള താരിഫുകള്‍ ഉയര്‍ത്തേണ്ട അവസ്ഥയിലേക്ക് കെഎസ്ഇബിയും എത്തുമെന്ന് സംഘടനകള്‍ പറയുന്നു.അതേസമയം, പ്രതിഷേധങ്ങള്‍ മുഖവിലയ്ക്കെടുക്കാതെ ഭേദഗതിയുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനം. എതിര്‍പ്പുകളെ മറികടന്ന് തിങ്കളാഴ്ച ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്. വൈദ്യുതി ഉല്‍പാദനം പ്രസരണം, വിതരണം, വില്‍ക്കല്‍ വാങ്ങലുകള്‍ എന്നിവ സംബന്ധിച്ച നിയമങ്ങളെ ഏകീകരിക്കാനായി 2003ല്‍ കൊണ്ടുവന്ന നിയമം ഭേദഗതി ചെയ്യുന്നത്. ബില്‍ അവതരിപ്പിക്കരുതെന്നാവശ്യപ്പെട്ട് ഓള്‍ ഇന്ത്യ പവര്‍ എന്‍ജിനിയേഴ്സ് ഫെഡറേഷന്‍ ഊര്‍ജമന്ത്രി ആര്‍ കെ സിങ്ങിനും സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും കത്തെഴുതിയിരുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!