മലയോരഹൈവേ പദ്ധതി നടപ്പിലാക്കാൻ സർവകക്ഷി യോഗത്തിൽ തീരുമാനം
മാനന്തവാടി മണ്ഡലത്തിൽ നടപ്പിലാക്കുന്ന മലയോര ഹൈവേ സർക്കാർ മാനദണ്ഡങ്ങൾക്ക് അനുസരിച്ച നടപ്പിലാക്കാൻ എം എൽ എ യുടെ നിർദ്ദേശാനുസരണം പൊതുമരാമത്തു വകുപ്പ് വിളിച്ചു ചേർത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളിടേയും, രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും യോഗത്തിൽ തീരുമാനമായി.
മാനന്തവാടി മണ്ഡലത്തിലെ ബോയ്സ് ടൗൺ മുതൽ പച്ചിലക്കാട് വരയും തവിഞ്ഞാൽ പഞ്ചായത്തിലെ വാളാട് മുതൽ കുങ്കിച്ചിറ വരെയും പന്ത്രണ്ട് മീറ്റർ വീതിയിൽ പദ്ധതി നാപ്പാക്കണമെന്ന് യോഗം ഐക്യകണ്ഡേന അഭിപ്രായപ്പെട്ടു. ഇതിനായി പ്രാദേശിക തലത്തിൽ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും അടങ്ങുന്ന യോഗം വിളിച്ചു ചേർക്കുന്നതിനും പദ്ധതി എത്രയും പെട്ടന്ന് പൂർത്തിയാക്കുന്നതിനും യോഗത്തിൽ തീരുമാനമായി.
മാനന്തവാടി മണ്ഡലത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പദ്ധതിയാണ് ഇതുവഴി യാഥാർഥ്യമാകാൻ പോകുന്നത്. 139 കോടി രൂപയുടെ വിശദമായ പദ്ധതിരേഖ സാമ്പത്തിക അനുമതിക്കായി പൊതുമരാമത്ത് വകുപ്പ് കിഫ്ബിയിൽ സമർപ്പിച്ചിരിക്കുകയാണ്. സാമ്പത്തിക അനുമതിയും സാങ്കേതിക അനുമതിയും ലഭ്യമാകുന്നതോടുകൂടി പദ്ധതി എത്രയും വേഗം തുടങ്ങുവാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യോഗത്തിൽ പി.ഡബ്ള്യൂ.ഡി അസിസ്റ്റന്റ് എക്സിക്യു്ട്ടീവ് എഞ്ചിനീയർ ശ്രീ സുരേഷ് കുമാർ പദ്ധതി വിശദീകരണം നടത്തി. മാനന്തവാടി നിയോജകമണ്ഡലം എം എൽ എ ശ്രീ ഒ ആർ കേളു, തവിഞ്ഞാൽ, എടവക, പനമരം, തൊണ്ടർനാട് പഞ്ചായത്തുകളിലെ പ്രസിഡന്റുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ജെ പൈലി, മാനന്തവാടി മുൻസിപ്പാലിറ്റി ആക്ടിംഗ് ചെയർമാൻ ശ്രീ പി ടി ബിജു, ജില്ലാ പഞ്ചായത്ത് അംഗം ശ്രീ എ എൻ പ്രഭാകരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ ദിനേശ് ബാബു, വിവിധ രാഷ്ട്രീയ പാർട്ടീ നേതാക്കൾ, വ്യാപാരി സംഘടനാ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.