സിനിമാ സ്റ്റൈല്‍ കാര്‍ മോഷണം;മോഷ്ടാവിനെ പിന്തുടര്‍ന്ന് പിടികൂടി നാട്ടുകാര്‍

0

കാക്കവയല്‍ ടൊയോട്ട കമ്പനിയില്‍ സര്‍വീസിനായി എത്തിയ കാര്‍ മോഷ്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ പിടികൂടി.ബാംഗ്ലൂര്‍ സ്വദേശിയായ പിലാക്കല്‍ വീട്ടില്‍ നസീര്‍ എന്നയാളാണ് പിടിയിലായത്. ഇന്ന് ഉച്ചയോടെ കാര്‍ ഷോറൂമില്‍ എത്തിയ ഇയാള്‍ സര്‍വീസിനായി നിര്‍ത്തിയിട്ട കാര്‍ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.ഇതിനിടെ ദേശീയപാതയിലെ ഇന്റര്‍സെപ്റ്റര്‍ പരിശോധനയില്‍ അമിത വേഗത്തില്‍ കാര്‍ സഞ്ചരിക്കുന്നതായി കണ്ടെത്തിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ കാറിന്റെ രജിസ്‌ട്രേഷന്‍ പരിശോധിച്ച് ഉടമയെ വിളിച്ചപ്പോള്‍ കാര്‍ സര്‍വീസിന് കൊടുത്തതായി ഉടമസ്ഥന്‍ പറഞ്ഞു.തുടര്‍ന്ന് കാര്‍ ഷോറൂമിലേക്ക് വിളിച്ചപ്പോഴാണ് വാഹനം മോഷണം പോയതായി അറിയുന്നത്.കമ്പനി അധികാരികള്‍ മോഷ്ടാവ് വാഹനമോടിച്ച് പോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ വാഹനത്തെ പിന്തുടരുകയും ചെയ്തു.ആദ്യം ബത്തേരിയിലേക്ക് പോയ കാര്‍ വീണ്ടും കൊളഗപ്പാറ റോഡില്‍ കൂടി തിരികെ വന്ന് ആയിരംകൊല്ലിയില്‍ എത്തി.ഇതിനിടെ വാഹനം തടയാന്‍ ശ്രമിച്ച ബൈക്കുകാരനെ അടക്കം ഇടിച്ചതായും പറയുന്നു.തുടര്‍ന്ന് വാഹനവുമായി വടുവഞ്ചാല്‍ ഭാഗത്തേക്ക് പോയ മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു.പിടികൂടിയ വാഹനവും മോഷ്ടാവിനെയും മീനങ്ങാടി പോലീസിന് കൈമാറിയിട്ടുണ്ട്.കഴിഞ്ഞ ദിവസം കോഴിക്കോട്ടെ കാര്‍ ഷോറൂമില്‍ നിന്ന് വാഹനവുമായി കടന്നുകളഞ്ഞത് ഇയാളെന്ന് സൂചനയുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!