മഴ കനക്കും ഇന്ന് 10 ജില്ലകളില്‍ റെഡ് അലര്‍ട്ട്

0

സംസ്ഥാനത്ത് വരുന്ന ദിവസങ്ങളിലും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്ന് ആലപ്പുഴ മുതല്‍ കണ്ണൂര്‍ വരെ 10 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലേര്‍ട്ട് ഉള്ളത്. അതിതീവ്രമഴ 3 ദിവസം തുടരുമെന്നാണു കാലാവസ്ഥാ പ്രവചനം.അറബിക്കടലിലും സമീപ പ്രദേശങ്ങളിലും കടല്‍ പ്രക്ഷുബ്ധമാവാനും ഉയര്‍ന്ന തിരമാലക്കും സാധ്യത ഉണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പും ദേശീയ സമുദ്ര ഗവേഷണ കേന്ദ്രവും മുന്നറിപ്പ് നല്‍കിയിട്ടുണ്ട്.

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ഇടുക്കി മുതല്‍ കാസര്‍കോട് വരെ 9 ജില്ലകളില്‍ നാളെയും റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് നാളെ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ വ്യാഴാഴ്ച ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അറബിക്കടല്‍ പ്രക്ഷുബ്ധമാവും

കേരളതീരത്ത് 3.0 – 3.3 മീറ്റര്‍ വരെ ഉയരത്തില്‍ ശക്തമായ തിരമാലക്ക് സാധ്യത ഉള്ളതിനാല്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. അറബിക്കടലില്‍ ഓഗസ്റ്റ് നാലുവരെ യാതൊരു കാരണവശാലും മല്‍സ്യബന്ധനം നടത്താന്‍ പാടുള്ളതല്ല.

മത്സ്യബന്ധനത്തിന് പോകരുത്

കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ നാളെ വരെയും കര്‍ണാടക തീരങ്ങളില്‍ ശനിയാഴ്ച വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!