വയനാടന്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ ഒറ്റ ബ്രാന്‍ഡില്‍ വിപണിയിലിറക്കും

0

വയനാട് ജില്ലയില്‍ കര്‍ഷകരും ചെറുകിട സംരംഭകരും കാര്‍ഷികോല്‍പ്പാദക കമ്പനികളും ഉല്‍പാദിപ്പിക്കുന്ന മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഒറ്റ ബ്രാന്‍ഡില്‍ വിപണിയിലിറക്കുന്ന കാര്യം കൃഷി വകുപ്പിന്റെ പരിഗണയില്‍. ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കൃഷിവകുപ്പിന് നേതൃത്വത്തില്‍ ഇതിനുള്ള ശ്രമങ്ങള്‍ തുടങ്ങി. ആദ്യഘട്ടത്തില്‍ കാര്‍ഷികോല്‍പാദന കമ്പനികളും വ്യക്തിഗത സംരംഭകരും ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ ആയിരിക്കും ഒറ്റ ബ്രാന്‍ഡില്‍ വിപണിയില്‍ എത്തിക്കുക.കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രതിസന്ധി വിപണി ആയതിനാല്‍ അതിനു പരിഹാരം കാണുക എന്ന ഉദ്ദേശത്തില്‍ വിപണി ഇടപെടലിന്റെ ഭാഗമായാണ് വ്യത്യസ്തങ്ങളായ വിവിധ ഉല്‍പ്പന്നങ്ങള്‍ അവരുടെ ബ്രാന്‍ഡ് നെയിമിനൊപ്പം വയനാട്ടില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ എന്നു ഉറപ്പു വരുത്തുന്ന ഒറ്റ ബ്രാന്‍ഡ് കൂടി ചേര്‍ക്കുന്നത്. ജൈവ ഉല്പന്നങ്ങള്‍ക്ക് ആയിരിക്കും ആദ്യഘട്ടത്തില്‍ പരിഗണന നല്‍കുന്നത്. അരി,വാഴക്ക,പാഷന്‍ ഫ്രൂട്ട് മറ്റ് പഴങ്ങള്‍,കാപ്പി,തേയില,തേന്‍,സുഗന്ധ വ്യഞ്ജനങ്ങള്‍ എന്നിങ്ങനെ പല വിഭാഗങ്ങളിലെ ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടുത്തും. ഇതിനു മുന്നോടിയായി ജില്ലാ പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ സജിമോന്റെ അധ്യക്ഷതയില്‍ എഫ് പി. ഒ പ്രതിനിധികളുടെയും കര്‍ഷക പ്രതിനിധികളുടെയും സംരംഭക പ്രതിനിധികളുടെയും യോഗം ചേര്‍ന്നു. അഗ്രിക്കള്‍ച്ചറല്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സുധീശന്‍, എഫ് .പി.ഒ. കോഡിനേഷന്‍ കമ്മിറ്റി കോഡിനേറ്റര്‍ സി.വി. ഷിബു , അസിസ്റ്റന്റ് ഡയറക്ടര്‍ ടെസ്സി ജേക്കബ് ,പി.ജിനു തോമസ്, രാജേഷ് കൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ നടപടികള്‍ക്കായി കര്‍ഷക പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി ജില്ലാതല സപ്പോര്‍ട്ട് ടീം രൂപീകരിച്ചു. വയനാട് ജില്ലയില്‍ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ പുതിയ കാര്‍ഷികോല്‍പാദന കമ്പനികള്‍ രൂപീകരിക്കാനും തീരുമാനമായി .നിലവിലുള്ള കാര്‍ഷികോല്‍പാദന കമ്പനികളെ ശാക്തീകരിക്കാനും നടപടി സ്വീകരിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!