ഓണ്‍ലൈന്‍ പരാതി പരിഹാരം;15 പരാതികള്‍ തീര്‍പ്പാക്കി

0

സുല്‍ത്താന്‍ ബത്തേരി താലൂക്ക്തല ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്തില്‍ 15 പരാതികള്‍ തീര്‍പ്പാക്കി. എ.ഡി.എം ഇ. മുഹമ്മദ് യൂസഫിന്റെ നേതൃത്വത്തില്‍ കളക്ട്രേറ്റില്‍ നടന്ന വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അദാലത്ത് നടത്തിയത്. അദാലത്തില്‍ 20 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 15 പരാതികള്‍ തീര്‍പ്പാക്കി. തീര്‍പ്പാക്കാത്ത പരാതികള്‍ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

പൂതാടി പഞ്ചായത്ത് പരിധിയിലെ വനമേഖലയിലൂടെ കടന്ന് പോകുന്ന 500 മീറ്റര്‍ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന പ്രദേശവാസിയുടെ പരാതിയില്‍ വനം വകുപ്പിന്റെ അനുമതി ലഭിച്ചാല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുല്‍പ്പള്ളി പ്രദേശത്ത് വന്യമൃഗശല്യം കാരണമുണ്ടായ കൃഷി നാശത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വേലിയമ്പം സ്വദേശി സമര്‍പ്പിച്ച പരാതിയില്‍ ചെതലയം ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ പരാതിയുടെ വിശദമായ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ അറിയിച്ചു. വികലാംഗ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി സമര്‍പ്പിച്ച പരാതിയില്‍ സ്‌പെഷ്യല്‍ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് നടപടിയെടുക്കാന്‍ തീരുമാനിച്ചു. കൃഷിനാശവുമായി ബന്ധപ്പെട്ട് ചീരാല്‍ സ്വദേശി സമര്‍പ്പിച്ച പരാതിയില്‍ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുടര്‍ നടപടി സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പള്‍ കൃഷി ഓഫീസര്‍ അറിയിച്ചു. വൈദ്യൂതി പോസ്റ്റ് മാറ്റണമെന്ന് ആവശ്യപ്പെട്ട് പുല്‍പ്പള്ളി സ്വദേശി നല്‍കിയ പരാതിയില്‍ പോസ്റ്റ് മാറ്റി നല്‍കിയെന്ന് കല്‍പ്പറ്റ കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. ലൈഫ് ഭവന പദ്ധതി, ബാങ്ക് പലിശ ഒഴിവാക്കല്‍ തുടങ്ങിയ പരാതികളാണ് കൂടുതല്‍ ലഭിച്ചത്. ഓണ്‍ലൈന്‍ അദാലത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!