കോവിഡ് വ്യാപനവും ഓണത്തിരക്കും:അതീവ ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ

0

കോവിഡ് കേസുകള്‍ അമിതമായി കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയോടു പ്രവര്‍ത്തിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോയേക്കാമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ രേണുക. ഓണം അടുത്ത് വരുന്ന സാഹചര്യത്തില്‍ കോവിഡ് കേസുകള്‍ അനിയന്ത്രിതമായി പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ട്. സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും എല്ലാ നിര്‍ദേശങ്ങളും ജനം അനുസരിക്കണം. ഓണാഘോഷങ്ങളുടെയും ഓണക്കച്ചവടങ്ങുളുടെയും വഴിയോര കച്ചവടങ്ങളുടെയും ഭാഗമായി പൊതുജനങ്ങള്‍ വളരെ കൂടുതല്‍ അടുത്തിടപഴകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം. താഴെ പറയുന്ന കാര്യങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അതിനു മറ്റുള്ളവരെ പ്രേരിപ്പിക്കണമെന്നും ഡി.എം.ഒ അഭ്യര്‍ഥിച്ചു.

* അത്യാവശ്യം ആണെങ്കില്‍ മാത്രം വീടിനു പുറത്ത് ഇറങ്ങുക.
* ആള്‍ക്കൂട്ടത്തിനിടയില്‍ പോകാനുള്ള സാഹചര്യം നിര്‍ബന്ധമായും ഒഴിവാക്കുക.
* പോകേണ്ട അത്യാവശ്യം ഉണ്ടായാല്‍ സാമൂഹ്യ അകലം പാലിക്കാന്‍ പരമാവധി ശ്രദ്ധിക്കുക.
* വെളിയില്‍ ഇറങ്ങേണ്ടി വന്നാല്‍ മാസ്‌ക് നിര്‍ബന്ധമായും വായും മൂക്കും മറയത്തക്ക വിധം ധരിക്കുക.
* മാസ്‌ക് ധരിച്ചാല്‍ പിന്നെ ഒന്നും പേടിക്കാനില്ല എന്ന തികച്ചും തെറ്റായ ധാരണ പലര്‍ക്കുമുണ്ട്. ഇത് പാടില്ല.
* നമ്മുടെ കൈകള്‍ എപ്പോഴും ശുചിയാക്കി വക്കുക. സാനിറ്റൈസര്‍ ഉപയോഗിച്ചോ സോപ്പും വെള്ളവും ഉപയോഗിച്ചോ കൈകള്‍ കൂടെ കൂടെ വൃത്തിയാക്കുക.
* മാസ്‌ക് അഡ്ജസ്റ്റ് ചെയ്യാനും മറ്റുമായി കൈകള്‍ കൂടെ കൂടെ മുഖത്തോട്ട് കൊണ്ട് പോകാതിരിക്കുക.
* കടകളില്‍ കയറുന്നതിനു മുന്‍പും കടയില്‍ നിന്നും ഇറങ്ങിയതിനു ശേഷവും കൈകള്‍ വൃത്തിയാക്കുക.
* കടയ്ക്കുള്ളില്‍ അനുവദനീയമായ എണ്ണം ആളുകള്‍ മാത്രം പ്രവേശിക്കുകയും നിശ്ചിത അകലം പാലിക്കുകയും ചെയ്യുക.

* രോഗസാധ്യത കൂടുതലുള്ള വിഭാഗത്തില്‍പെട്ട 60 നു മുകളില്‍ പ്രായമുള്ളവര്‍, 10 വയസ്സിനു താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, ഹൃദയം- വൃക്ക- കരള്‍ തുടങ്ങിയ അവയവ സംബന്ധമായ രോഗങ്ങളുള്ളവര്‍, കാന്‍സര്‍ ചികിത്സയിലുള്ളവര്‍, നിയന്ത്രിതമല്ലാത്ത പ്രമേഹമുള്ളവര്‍, മറ്റെന്തെങ്കിലും ഗുരുതരമായ രോഗബാധിതര്‍ എന്നിവര്‍ വളരെ ശ്രദ്ധിക്കണം. അവര്‍ ഒരു കാരണവശാലും വീടിനു പുറത്ത് പോകാന്‍ പാടില്ല. വീട്ടിനുള്ളിലും കൈകള്‍ ഇടക്കിടെ ശുചിയാക്കുക, വീട്ടിലെ മറ്റു ആളുകളില്‍ നിന്നും കഴിയുന്നതും അകലം പാലിക്കാന്‍ ശ്രദ്ധിക്കുക. വീട്ടില്‍ എല്ലാവരും മാസ്‌ക് ധരിക്കുന്നതാണ് ഉത്തമം.

*പനി, ചുമ, തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവര്‍ ഒരു കാരണവശാലും വീടിന് പുറത്തിറങ്ങാതെ ശ്രദ്ധിക്കുക.

*കുട്ടികള്‍ മാസ്‌ക് ഉപയോഗിക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം.
അവര്‍ മാസ്‌ക് താഴെ ഇടാനും വീണ്ടും എടുത്ത് ഉപയോഗിക്കാനും സാധ്യതയുണ്ട്. മാത്രമല്ല, അവര്‍ മാസ്‌ക് ഷെയര്‍ ചെയ്യാനും സാധ്യതയുണ്ട്. ഇവ രണ്ടും അപകടകരമാണ്.

ഈ കാര്യങ്ങള്‍ നമ്മുടെ ജീവിതശൈലിയുടെ തന്നെ ഭാഗമാക്കിയെങ്കില്‍ മാത്രമേ മഹാമാരിയുടെ വ്യാപനം തടയാന്‍ കഴിയൂ. സമൂഹത്തെയും രാജ്യത്തെയും ഈ മഹാമാരിയില്‍ നിന്ന് വിമുക്തമാക്കാന്‍  എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ അഭ്യര്‍ത്ഥിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!