കാരുണ്യ പ്രവര്‍ത്തനത്തിന്  നാടിന്റെ ആദരം 

0

കോവിഡ് പ്രതിരോധ പ്രവര്‍ത്തന മികവ്. വെള്ളമുണ്ട പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ വെള്ളമുണ്ട വിജ്ഞാന്‍  ലൈബ്രറി പ്രവര്‍ത്തകര്‍ ആദരിച്ചു. ആശുപത്രിയിലെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഉള്ള  നാടിന്റെ അംഗീകാരമായി ഈ ആദരിക്കല്‍. സംസ്ഥാനത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്ത അന്നുമുതല്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം അതേപടി നടപ്പാക്കി അതീവ ജാഗ്രതയിലായിരുന്നു വെള്ളമുണ്ട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍. ദിവസങ്ങളോളം അവധി എടുക്കാതെ 24 മണിക്കൂറും കര്‍മ്മനിരതരായ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറി പ്രവര്‍ത്തകര്‍ ആദരവ് നല്‍കിയത്.

ആരോഗ്യ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ച് വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്തിയും കൃത്യമായ ബോധവല്‍ക്കരണം നടത്തിയും പ്രശംസ പിടിച്ചു പറ്റി.കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനിടെ പഞ്ചായത്തില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തതും ഡെങ്കിപ്പനി പടരാതിരിക്കാനുള്ള ഊര്‍ജിത പ്രവര്‍ത്തനങ്ങള്‍ നടത്തിയതും  ആരോഗ്യ പ്രവര്‍ത്തകരുടെ ഒറ്റക്കെട്ടായ പ്രവര്‍ത്തന ത്തിലൂടെ സാധിച്ചു. ലൈബ്രറി പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കുകയും മധുരം നല്‍കുകയും ചെയ്തു. ലൈബ്രറി പ്രസിഡണ്ട് കെ കെ ചന്ദ്രശേഖരന്‍ ആദരിക്കല്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ മുഹമ്മദ് സൈദിന്റെയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷിന്റെയും നേതൃത്വത്തിലുള്ള മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കാളികളായി. ലൈബ്രറി സെക്രട്ടറി ശശി ലൈബ്രറി പ്രവര്‍ത്തകരായ ഷബീറലി വെള്ളമുണ്ട, സഹദേവന്‍, മൊയ്തു മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!