അമിത വൈദ്യുതി ബില്ല്: കോണ്‍ഗ്രസ് ധര്‍ണ നടത്തി

0

കല്‍പ്പറ്റ: അമിത വൈദ്യുതിബില്ല് ഈടാക്കി ജനങ്ങളെ കൊള്ളടയിക്കുന്ന നിലപാടിലും, ദിനംപ്രതി ഇന്ധനവില വര്‍ധിപ്പിക്കുന്നതിനെതിരെയും കോണ്‍ഗ്രസ് കല്‍പ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ എസ് ഇ ബി സര്‍ക്കിള്‍ ഓഫീസിന് മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തി. കെ പി സി സി എക്സിക്യുട്ടീവ് അംഗം എന്‍ ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. കൊവിഡുമായി ബന്ധപ്പെട്ട് ഒരു നേരത്തെ ആഹാരത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയത്ത് അമിതചാര്‍ജ് ഈടാക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. ഇടിവെട്ടേറ്റവനെ പാമ്പുകടിച്ചത് പോലെയുള്ള അവസ്ഥയിലാണ് സംസ്ഥാന ജനങ്ങള്‍. ഒരിടത്ത് ജനങ്ങള്‍ക്കായി എന്തെങ്കിലും ചെയ്തുവെന്ന് പ്രതീതിയുണ്ടാക്കാന്‍ ശ്രമിക്കുകയും, മറുവശത്ത് ജനദ്രോഹ നടപടികള്‍ ഒന്നൊന്നായി അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന നടപടികളാണ് ഇടതുസര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രസര്‍ക്കാരിന്‍റെ സ്ഥിതിയും മറിച്ചല്ല. ഇന്ധനവില തുടര്‍ച്ചയായ പത്താംദിവസവും വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇന്ധനവില വര്‍ധന സര്‍വമേഖലകളെയും ബാധിക്കുന്നതാണ്. ലോക്ക്ഡൗണ്‍കാലത്ത് കേന്ദ്ര-കേരള സര്‍ക്കാരുകള്‍ ഒരു നാണയത്തിന്‍റെ ഇരുവശങ്ങളെന്ന പോലെ ജനങ്ങളെ ദ്രോഹിക്കാന്‍ മത്സരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണ്ഡലം പ്രസിഡന്‍റ് ഗിരീഷ് കല്‍പ്പറ്റ അധ്യക്ഷനായിരുന്നു. കെ വി പോക്കര്‍ഹാജി, പി കെ കുഞ്ഞിമൊയ്തീന്‍, കെ കെ രാജേന്ദ്രന്‍, പി വിനോദ്കുമാര്‍, സാലി റാട്ടക്കൊല്ലി, കെ കെ മുത്തലിബ്, സെബാസ്റ്റ്യന്‍ കല്‍പ്പറ്റ, വി നൗഷാദ്, എസ് മണി, ആയിഷ പള്ളിയാല്‍, കെ അജിത, പി ആര്‍ ബിന്ദു, ഇ സുനീര്‍, ഡിന്‍റോ ജോസ്, പി ശശിധരന്‍, എം പി മജീദ് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!