സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഇളവുകള്‍ ദുരൂപയോഗം ചെയ്താല്‍ വീണ്ടും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് ഗതാഗതവകുപ്പു മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ലോക്ക് ഡൗണ്‍ ഇളവിന്റെ ആദ്യദിനത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അനുവദിക്കപ്പെട്ട ഇളവുകള്‍ സ്വാതന്ത്ര്യമായി കണ്ടാണ് ചിലയിടങ്ങളില്‍ പൊതുസമൂഹം പെരുമാറിയത്. ജില്ല ഇതുവരെ കൈവരിച്ച നേട്ടങ്ങളെ ഇല്ലാതാക്കുന്ന സമീപനമാണിത്. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളോട് നല്ല രീതിയില്‍ സഹകരിച്ചതുകൊണ്ടാണ് രോഗവ്യാപനത്തെ ഗണ്യമായി നിയന്ത്രിക്കാന്‍ സാധിച്ചത്. അത് ഇല്ലാതാക്കുന്ന തരത്തിലേക്ക് പോകുമ്പോള്‍ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരും. ഇതൊഴിവാക്കാന്‍ എല്ലാവരും സഹകരണ മനോഭാവത്തിലേക്ക് തിരിച്ചുവരണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.
മെയ് 3 ന് രാജ്യത്ത് ലോക്ഡൗണ്‍ പിന്‍വലിക്കുന്ന സാഹചര്യമുണ്ടായാല്‍ ജില്ലയില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളെ കുറിച്ചും യോഗം വിലയിരുത്തി. അതിര്‍ത്തി കടന്ന് ജില്ലയിലേക്ക് കൂടുതല്‍ ആളുകള്‍ കടന്നുവരാന്‍ സാധ്യതയുളളതിനാല്‍ ഇവരെ നിരീക്ഷിക്കുന്നതിന് പ്രത്യേക സംവിധാനമൊരുക്കും. അയല്‍ ജില്ലകളിലെ ജില്ലാകളക്ടര്‍,ജില്ലാ പോലീസ് മേധാവി എന്നിവരുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.
യോഗത്തില്‍ എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്‍, ഐ,സി ബാലകൃഷ്ണന്‍,ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള,ജില്ലാ പോലീസ് മേധാവി ആര്‍.ഇളങ്കോ, എ.ഡി.എം തങ്കച്ചന്‍ ആന്റണി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക, ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടര്‍ കെ.അജീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post